rajagi
നൂലുവള്ളിയില്‍ കണിക്കൊന്നയും കണിവെള്ളരിയും ഫലമൂലാദികളും രാജാജിക്ക് സമ്മാനിച്ചായിരുന്നു

പുതുക്കാട്: കണിക്കൊന്നയും കണിവെള്ളരിയും ഫലമൂലാദികളും സമ്മാനിച്ചായിരുന്നു പുതുക്കാട് മണ്ഡലത്തിലെ പല സ്വീകരണ കേന്ദ്രങ്ങളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസിനെ സ്വീകരിച്ചത്. റോസപ്പൂക്കളും ധാന്യക്കതിർ കുലകളും രക്തഹാരങ്ങളും പല കേന്ദ്രങ്ങളിലും സ്വീകരണ ചടങ്ങിന് വൈവിദ്ധ്യമാക്കി.
രാവിലെ ഏഴരയോടെ മറ്റത്തൂർ പഞ്ചായത്തിലെ നൂലുവള്ളിയിൽ നിന്നും സ്വീകരണ പര്യടനം ആരംഭിച്ചു. പന്തല്ലൂരിലെ സ്വീകരണ കേന്ദ്രത്തിൽ ചിത്രകാരനായ ശ്രീകുമാർ വരച്ച സ്ഥാനാർത്ഥിയുടെ ചിത്രമാണ് മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ മകൻ ഭരത്, രാജാജി മാത്യു തോമസിന് സമ്മാനിച്ചത്. വിവിധ കേന്ദ്രങ്ങളിൽ കൊട്ടും കുരവയും ആർപ്പ് വിളികളും ഇൻക്വിലാബ് വിളികളുമായും പടക്കം പൊട്ടിച്ചും നാട്ടുകാർ എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസിനെ സ്വീകരിച്ചു.
മീന വെയിൽ തിളക്കുമ്പോഴും രാജാജിയെ കാണാനും ആശീർവദിക്കാനും അനുഗ്രഹിക്കാനും ജനങ്ങൾ കാത്തുനിന്നു. അനേകം ബൈക്കുകളുടെ അകമ്പടിയോടെയാണ് സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി എത്തിച്ചേർന്നത്. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, എൽ.ഡി.എഫ് തൃശൂർ പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റ് കെ. കെ രാമചന്ദ്രൻ, പുതുക്കാട് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ടി.എ രാമകൃഷ്ണൻ, സെക്രട്ടറി വി.എസ് പ്രിൻസ്, ട്രഷറർ പി.ജി മോഹനൻ, പി.കെ ശിവരാമൻ, കെ.ജെ ഡിക്‌സൺ, രാഘവൻ മുളങ്ങാടൻ, പി. ശശിധരൻ, കെ.എം ചന്ദ്രൻ, ഫ്രഡ്ഢി കെ. താഴത്ത് എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു. വല്ലച്ചിറ പഞ്ചായത്തിലെ കടലാശ്ശേരിയിൽ രണ്ടാംവട്ട പര്യടനം സമാപിച്ചു.