തൃശൂർ : പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി കൗൺസിൽ യോഗത്തിൽ അജണ്ടകൾ പാസാക്കരുതെന്ന് ജില്ലാ വരണാധികാരിയായ കളക്ടറുടെ ഉത്തരവ് ലംഘിച്ചാണ് ഇന്നലെ കൗൺസിൽ യോഗം അജണ്ടകൾ പാസാക്കിയതെന്ന് പ്രതിപക്ഷനേതാവ് എം.കെ. മുകുന്ദൻ, ഉപനേതാവ് ജോൺ ഡാനിയൽ എന്നിവർ പറഞ്ഞു. മേയർ വിതരണം ചെയ്ത കുറിപ്പ് മാർച്ച് 23 ലെ കളക്ടറുടെ ഉത്തരവിന്റെ പകർപ്പാണ്. ഏപ്രിൽ 9ലെ കൗൺസിൽ യോഗത്തിൽ പരിഗണിക്കുന്ന അജണ്ടകൾ ചട്ട വിരുദ്ധമാണെന്ന കളക്ടറുടെ ഉത്തരവ് മറച്ചു വെച്ചാണ് മേയർ കൗൺസിലിൽ സംസാരിച്ചത്. ഇന്നത്തെ അജണ്ടകളിൽ കോൺഗ്രസ് വിയോജിപ്പ് രേഖപ്പെടുത്തുമെന്നും ഇവർ പറഞ്ഞു. നഗരത്തിൽ മൂന്ന് ദിവസമായി കുടിവെള്ളം മുടങ്ങിയിട്ടും കോർപറേഷൻ യാതൊരു നടപടികളും എടുക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. റോഡുകൾ വെട്ടിപൊളിച്ചതിന് ശേഷം ഇതുവരെയും റീടാർ ചെയ്തിട്ടില്ല. ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ അനുവദിക്കാതെയാണ് മേയർ ഏകപക്ഷീയമായി കൗൺസിൽ പിരിച്ചു വിട്ടത്. വിവാദമായ അജണ്ടകൾ വെച്ച് കൗൺസിൽ യോഗം അലങ്കോലമാക്കി പിരിച്ചു വിടുന്നതിന്റെ ഉത്തരവാദിത്വം ഇടത് ഭരണ സമിതിക്കാണെന്നും ഇവർ കുറ്റപ്പെടുത്തി.