പേരാമ്പ്ര : ശ്രീനാരായണ ഗുരുചൈതന്യ മഠത്തിൽ കാർഷികപ്രദർശന വിപണനമേളയ്ക്ക് ഇന്ന് തുടക്കം. പേരാമ്പ്രയിലെ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ ശാഖയായ പേരാമ്പ്രയിലെ ശ്രീനാരായണ ഗുരുചൈതന്യ മഠത്തിൽ ശ്രീനാരായണ കൺവെൻഷനും ധ്യാനവും പ്രതിഷ്ഠാദിന മഹോത്സവവും കാർഷികപ്രദർശന വിപണനമേളയും നടക്കും. ഇന്ന് രാവിലെ കുമാരനാശാൻ ജയന്തിആഘോഷം ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ.വി. ദിനേഷ്ബാബു ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ആശാൻ സ്മാരക പ്രഭാഷണം ചേർത്തല വിശ്വഗാജിമഠത്തിലെ അസ്പർശനന്ദ സ്വാമികൾ നടത്തും.11ന് കാർഷികപ്രദർശന വിപണനമേള കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസാദൻ ഉദ്ഘാടനം ചെയ്യും. പഠന ക്ലാസ് പനങ്ങാട് വിദ്യാധരൻ നയിക്കും. തുടർന്ന് മികച്ച കർഷകന്‌ സ്വീകരണവും അവാർഡ്ദാനവും നടക്കും. നാളെ രാവിലെ ഗുരുദേവ പ്രതിഷ്ഠാദിനം രാവിലെ എട്ടിന് ശാന്തിഹവന യജ്ഞം, 9.30ന് കലശാഭിഷേകം, പത്തിന് ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് എന്നിവ നടക്കും. ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് കെ.കെ. കൃഷ്ണാനന്ദ ബാബു ഉദ്ഘാടനം ചെയ്യും. വേലായുധൻ മാസ്റ്റർ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ സ്വാമി സച്ചിദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. 14, 15 തിയതികളിലും പരിപാടികൾ നടക്കും.