ന്യൂഡൽഹി: തൃശൂർ പൂരത്തിന് ആചാരപ്രകാരം തന്നെ വെടിക്കെട്ട് നടത്താൻ സുപ്രീംകോടതി അനുമതി നൽകി. പടക്കങ്ങളുണ്ടാക്കുന്നതിനും പൊട്ടിക്കുന്നതിനും നിയന്ത്രണങ്ങൾ കൊണ്ടുവന്ന 2018 ഒക്ടോബറിലെ വിധിയിലാണ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് ഇളവ് അനുവദിച്ചത്. അതേസമയം പൂരം വെടിക്കെട്ടിന് ഉപയോഗിക്കുന്ന പടക്കങ്ങൾക്ക് കേന്ദ്രഏജൻസിയായ പെട്രോളിയം ആൻഡ് എക്‌സ്പ്‌ളോസീവ് സേഫ്ടി ഓർഗനൈസേഷന്റെ (പെസോ) അനുമതി ആവശ്യമാണ്. ബേരിയം ഉപയോഗിച്ചുള്ള പടക്കങ്ങൾ ഉപയോഗിക്കാനാവില്ല. പടക്കനിർമ്മാണത്തിന് അപേക്ഷ നൽകിയാൽ മൂന്നുദിവസത്തിനുള്ളിൽ പെസോ അനുമതി നൽകണം. പടക്കങ്ങൾ വിപണിയിലെത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും കോടതി നിർദ്ദേശിച്ചു. മേയ് 7 മുതൽ 14 വരെയാണ് ഈ വർഷത്തെ പൂരം.
വെടിക്കെട്ട് തൃശൂർ പൂരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്കായി മുതിർന്ന അഭിഭാഷകൻ ആർ.ബസന്ത് ചൂണ്ടിക്കാട്ടി.
അമിത ശബ്ദമുള്ളതും മാലപ്പടക്കംപോലെ തുടർച്ചയായി വലിയ ശബ്ദത്തോടെ പൊട്ടുന്നതും കൂടുതൽ പുക സൃഷ്ടിക്കുന്നതുമായ പടക്കങ്ങൾക്കും ബേരിയം ഉപയോഗിച്ചുള്ളവയ്ക്കും സുപ്രീംകോടതി വിലക്കേർപ്പെടുത്തിയിരുന്നു. രണ്ടു മണിക്കൂർ മാത്രമേ പടക്കം പൊട്ടിക്കാവൂവെന്ന സമയനിയന്ത്രണവും സുപ്രീംകോടതി കൊണ്ടുവന്നിരുന്നു. ഇത് പാലിച്ചാൽ സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്, പകൽപ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട് എന്നിവയെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. തുടർന്നാണ് നിയന്ത്രണങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്രസംസ്ഥാന സർക്കാരുകളും ദേവസ്വങ്ങളുടെ ആവശ്യത്തെ പിന്തുണച്ചു.