പഴയന്നൂർ: കുടിവെള്ള പദ്ധതിയുടെ മോട്ടോർ കത്തിപ്പോയതിനെ തുടർന്ന് പഴയന്നൂരിൽ ജലവിതരണം മുടങ്ങിയിട്ട് അഞ്ചു ദിവസം പിന്നിടുന്നു. പഴയന്നൂർ ടൗൺ കുടിവെള്ള പദ്ധതിയുടെ മോട്ടോറാണ് ഞായറാഴ്ച രാത്രിയിൽ കത്തിയത്. ഇതുവരെയും മോട്ടോർ ശരിയാക്കി ജലവിതരണം തുടങ്ങാനായിട്ടില്ല. ഈ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള വെള്ളത്തിനെ ആശ്രയിക്കുന്ന നാനൂറോളം കുടുംബങ്ങളാണ് ഇതു മൂലം ദുരിതത്തിലായിരിക്കുന്നത്.
ചീരക്കുഴി പദ്ധതിയിൽ നിന്നും വെള്ളമെത്തിച്ച് താത്കാലികമായി പ്രശ്‌നം പരിഹരിക്കുന്നതിന് ശ്രമിക്കുന്നുണ്ടെങ്കിലും എല്ലായിടത്തേക്കും ജലവിതരണം നടത്തുന്നതിന് കഴിഞ്ഞിട്ടില്ല. ആഴ്ചകളായി ടൗൺ കുടിവെള്ള പദ്ധതിയിൽ നിന്നും ജലവിതരണം കാര്യക്ഷമമല്ലെന്ന പരാതിക്കിടെയാണ് മോട്ടോർ കത്തിയതിനെ തുടർന്ന് പമ്പിംഗ് പൂർണ്ണമായും നിലക്കുന്നത്. എത്രയും വേഗം ഇതിനു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.