ചേലക്കര: ആലത്തൂർ പാർലമെന്റ് ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി രമ്യ ഹരിദാസ് ഇന്നലെ ചേലക്കര ബ്ലോക്ക് പരിധിയിൽ പര്യടനം നടത്തി. രാവിലെ തിരുവില്വാമല പട്ടിപ്പറമ്പിൽ നിന്ന് ആരംഭിച്ച പര്യടനം ചേലക്കര തോന്നൂർക്കരയിലാണ് സമാപിച്ചത്. വേനൽ ചൂടിലും ആവേശോജ്യലമായ സ്വീകരണമാണ് എല്ലായിടത്തു നിന്നും രമ്യ ഹരിദാസിന് ലഭിച്ചത്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമ്പോൾ ഏറ്റവുമധികം പ്രാതിനിധ്യം ലഭിക്കുന്ന മണ്ഡലമാകും ആലത്തൂരെന്നും ഇവിടുനിന്നുള്ള അംഗമായി തന്നെ അയക്കണമെന്നും രമ്യ അഭ്യർത്ഥിച്ചു. ഇ. വേണുഗോപാല മേനോൻ, ടി.എം. കൃഷ്ണൻ, പി.എം. അമീർ, ജോൺ ആടുപാറ, സന്തോഷ് ചെറിയാൻ, ടി.ഗോപാലകൃഷ്ണൻ, സരോജനി ഭരതൻ, പി.എ. അച്ചൻകുഞ്ഞ് തുടങ്ങി യു.ഡി.എഫിലെ നിരവധി നേതാക്കൾ ഒപ്പമുണ്ടായിരുന്നു.