മാള: പൊയ്യയിലെ യുവ കർഷകരുടെ കാർഷിക സ്വപ്‌നങ്ങൾ കടുത്ത ചൂടിൽ കരിഞ്ഞുണങ്ങുന്നു. നൂറ് കണക്കിന് ഏത്തവാഴകളാണ് ദിവസങ്ങളായി ചൂട് സഹിക്കാനാകാതെ ഒടിഞ്ഞുവീഴുന്നത്. പൊയ്യയിലെ യുവകർഷകരായ വി.എസ്. മനോജ്, സി.കെ. സമൽരാജ്, കെ.കെ. സുരേഷ്, കെ.കെ. സുനിൽ, പി.കെ. മുരുകൻ എന്നിവർ ചേർന്ന് നടത്തിയ കൃഷിയാണ് കടുത്ത ചൂടിനെ അതിജീവിക്കാനാകാതെ നശിക്കുന്നത്. 1,200 ഏത്തവാഴകളാണ് കഴിഞ്ഞ വിഷുവിന് ശേഷം കൃഷി ചെയ്തത്. പ്രളയം ഈ കൃഷിയിടത്തിന് സമീപം വരെ എത്തിയെങ്കിലും ഒരു വാഴ പോലും നഷ്ടപ്പെട്ടിരുന്നില്ല.
മികച്ച രീതിയിൽ വളർച്ച നേടിയ വാഴ കുലച്ചെങ്കിലും കറിപ്പാകം ആകും മുമ്പേ പിണ്ടി വാടി ഒടിഞ്ഞു വീണു. മിക്കവാറും ഉച്ചസമയത്ത് ഉണ്ടാകുന്ന ചെറിയ കാറ്റിലാണ് ഏറെ വാഴകളും നിലംപതിച്ചത്. എല്ലാ ദിവസവും വൈകീട്ട് വാഴകൾ നനയ്ക്കുന്നുണ്ടെങ്കിലും കഠിനമായ ചൂടിനെ അതിജീവിക്കാനാകുന്നില്ല. പാട്ടത്തിനെടുത്ത ഒന്നേകാൽ ഏക്കർ സ്ഥലത്താണ് ഏത്തവാഴ കൃഷി ചെയ്തത്. ശരാശരി 15 മുതൽ 18 വരെ കിലോഗ്രാം തൂക്കം വരാവുന്ന കായക്കുലകളാണ് തോട്ടത്തിൽ വീണുകിടക്കുന്നത്. ഇപ്പോൾ മൊത്ത വിപണിയിൽ 40 മുതൽ 45 വരെ വില കിട്ടുന്ന അവസ്ഥയുണ്ടെങ്കിലും അതെല്ലാം നോക്കിനിൽക്കാനേ ഈ യുവകർഷകർക്ക് കഴിയുന്നുള്ളൂ. മുൻവർഷങ്ങളിലും പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്യാറുണ്ടെങ്കിലും ആദ്യമായാണ് കൂടുതൽ വാഴ വെച്ചത്.
ശരാശരി വാഴ ഒന്നിന് 200 രൂപയോളം ചെലവാക്കിയാണ് കൃഷി ചെയ്തിട്ടുള്ളത്. ഈ കൂട്ടായ്മയിലെ കർഷകർ സ്വന്തം നിലയിൽ വായ്പയെടുത്താണ് വാഴക്കൃഷി ചെയ്തിരിക്കുന്നത്. കൃഷിഭവനിൽ നിന്ന് അധികൃതർ വന്നെങ്കിലും ഇതുവരെ നടപടികളൊന്നും ആയിട്ടില്ല. ഏത്തവാഴകളിൽ പലതും വിഷുവിന് വിളവെടുക്കേണ്ടതായിരുന്നു. ഓരോ വാഴകളും കുലച്ചപ്പോൾ ഈ യുവകർഷകർ മികച്ച വിളവ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഈ യുവ കർഷകരുടെ ഒരു വർഷത്തെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് കടുത്ത വേനൽച്ചൂടിൽ തകർന്നടിയുന്നത്...