vr-haridasanmaster
അന്നൊരിക്കൽ

തൃപ്രയാർ: സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥി കോങ്ങാട്ടിൽ കുഞ്ഞുണ്ണിമേനോന് വേണ്ടി 1952ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങുമ്പോൾ പ്രായം 15. വലപ്പാട് ഹൈസ്കൂളിൽ ഒമ്പതാം ക്ളാസ് വിദ്യാർത്ഥി. അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ കിസാൻ പ്രജാ പാർട്ടിയുടെ കേളപ്പനായിരുന്നു എതിർസ്ഥാനാർത്ഥി. കേളപ്പനാണ് തിരഞ്ഞെടുപ്പിൽ ജയിച്ചത്. പ്രായം 84 കഴിഞ്ഞെങ്കിലും ആദ്യകാല രാഷ്ട്രീയം ഓരോ തിരഞ്ഞെടുപ്പ് കാലത്തും ജനതാദൾ എസിന്റെ സംസ്ഥാന കൗൺസിൽ അംഗം കൂടിയായ വി.ആർ. ഹരിദാസൻ മാസ്റ്ററുടെ ഓർമ്മയിലെത്തും.

സത്യത്തിൽ മാഷിന്റെ രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കമിടുന്നത് 1952ലെ നിയമസഭാ തിര‌ഞ്ഞെടുപ്പിലൂടെയാണ്. ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥി എ.എസ്. ദിവാകരന് വേണ്ടിയായിരുന്നു പ്രചാരണം. പി.കെ. ഗോപാലകൃഷ്ണനായിരുന്നു എതിർസ്ഥാനാർത്ഥി. കോൺഗ്രസിന്റെ എ.പി. രാമനും ലീഗിന്റെ അബ്ദുള്ളക്കുട്ടിയും മാറ്റുരച്ച മത്സരത്തിൽ ഗോപാലകൃഷ്ണൻ വിജയിച്ചു.

യംഗ് സോഷ്യലിസ്റ്റ് ലീഗി (വൈ.എസ്.എൽ) ലൂടെയായിരുന്നു ഹരിദാസന്റെ രാഷ്ട്രീയ പ്രവേശം. അസുഖത്തെ തുടർന്ന് എടമുട്ടം പാലപ്പെട്ടി ബീച്ചിലെ വീട്ടിൽ വിശ്രമത്തിലാണ് ഇപ്പോൾ മാഷ്. 57ൽ സോഷ്യലിസ്റ്റ് പാർട്ടിക്ക് നാട്ടികയിൽ സ്ഥാനാർത്ഥിയുണ്ടായിരുന്നില്ല. കോൺഗ്രസിനും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും വോരോട്ടമുണ്ടായിരുന്ന സ്ഥലമാണ് നാട്ടിക. കെ.എസ്. അച്യുതനും പി.കെ. ഗോപാലക്യഷ്ണനും തമ്മിലായിരുന്നു മത്സരം. 60ൽ കോൺഗ്രസ്- ലീഗ്- പി.എസ്.പി മുന്നണി മത്സരിച്ചു. അന്ന് മുന്നണി സ്ഥാനാർത്ഥിയായിരുന്ന കെ.ടി. അച്യുതനുവേണ്ടി രാപ്പകലില്ലാതെ പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ടി.കെ. രാമനെ പരാജയപ്പെടുത്തി അച്ച്യുതൻ വിജയിച്ചു. പട്ടം താണുപിള്ള മന്ത്രിസഭയിൽ അംഗവുമായി.

65ൽ സോഷ്യലിസ്റ്റ് പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടികളുമായി കൂട്ടുചേർന്നാണ് മത്സരിച്ചത്. നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ രാമുകാര്യാട്ടിനെ പിന്തുണച്ചു. കാര്യാട്ട് വിജയിച്ചെങ്കിലും നിയമസഭ കൂടിയില്ല. വീണ്ടും 67ൽ തിരഞ്ഞെടുപ്പെത്തി. കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിയായ ടി.കെ. കൃഷ്ണൻ വിജയിച്ചു. അടിയന്തരാവസ്ഥക്കുശേഷം ജയപ്രകാശ് നാരായണൻ ജനതാപാർട്ടി രൂപീകരിച്ചതോടെ പിന്നീടുള്ള പ്രവർത്തനം അതിലായെന്ന് മാഷ് പറഞ്ഞു. പനങ്ങാട് എസ്.എൻ കെ സ്കൂളിൽ പത്ത് വർഷവും പെരിഞ്ഞനം ആർ.എം.വി.എച്ച്.എസിൽ 24 വർഷവും ഹരിദാസൻ മാഷ് ഔദ്യോഗിക ജീവിതം നയിച്ചു. മികച്ച ലൈബ്രറി പ്രവർത്തകനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. കഴിമ്പ്രം ശ്രീനാരായണ വായനശാല പ്രസിഡന്റ് കൂടിയാണ്. ഭാര്യ റിട്ട അദ്ധ്യാപിക ശാന്ത. മൂന്ന് ആൺമക്കളുണ്ട്.