vridda
വള്ളിയമ്മയെയും മകളെയും ഭർത്താവിനെയും വൃദ്ധസദനത്തിലേക്ക് കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റിയപ്പോൾ

തൃശൂർ: ഒറ്റപ്പെടലിൽ നിന്ന് താത്കാലിക ആശ്വാസം. ഇനി വള്ളിയമ്മയ്ക്കും മകൾ ശാന്തയ്ക്കും ഭർത്താവ് ശങ്കരനും അവസാനശ്വാസം വരെ വൃദ്ധസദനത്തിൽ ആരെയും പേടിക്കാതെ ജീവിക്കാം. ജീവിതസായാഹ്നത്തിൽ ഒറ്റപ്പെടലിന്റെയും അവശയതയുടെയും ഇടയിൽ നരകതുല്യ ജീവിതം നയിച്ചിരുന്ന മൂന്നുപേർക്കും ആശ്വാസമൊരുക്കിയത് ജില്ലാ കളക്ടറും സാമൂഹിക നീതിവകുപ്പിലെ ഉദ്യോഗസ്ഥരും.
അരിമ്പൂർ കൈപ്പുള്ളി വളപ്പത്ത് ലക്ഷം വീട് കോളനിയിലാണ് വർഷങ്ങളായി വള്ളിയമ്മയുടെ താമസം. ഭർത്താവ് മരിച്ചതിനുശേഷവും ആരുടെയും സഹായം തേടാൻ പോയില്ല. പറ്റുന്നകാലം വരെ ജോലിക്ക് പോയി. അടുത്തകാലത്തായി 82 വയസുകാരിയായ വള്ളിയമ്മയുടെ ജീവിതം ദുരിതപൂർണമായിരുന്നു. ഇക്കാര്യം അറിഞ്ഞ് അന്വേഷിക്കാനെത്തിയ തൃശൂർ റവന്യൂ ഡിവിഷണൽ കാര്യാലയത്തിലെ ടെക്‌നിക്കൽ അസിസ്റ്റന്റ് ബിനി സെബാസ്റ്റ്യൻ, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസിലെ ടെക്‌നിക്കൽ അസിസ്റ്റന്റ് മാർഷൽ സി. രാധാകൃഷ്ണൻ എന്നിവരാണ് വള്ളിയമ്മയുടെ മകളായ ശാന്തയുടെയും ഭർത്താവ് ശങ്കരന്റെയും കൂടി ദയനീയാവസ്ഥ റിപ്പോർട്ട് ചെയ്തത്. ജില്ലാ കളക്ടർ ഉടൻ ഇവരെ സുരക്ഷിത കേന്ദ്രത്തിലെത്തിക്കാൻ നിർദ്ദേശം നൽകി. തൃശൂർ ആർ.ഡി.ഒ വിഭൂഷണന്റെ ഉത്തരവനുസരിച്ച് തൃശൂർ ജില്ലാ സാമൂഹിക നീതി ഓഫീസർ കെ.ജി. വിൻസെന്റ് ഇവരെ രാമപുരം സർക്കാർ വൃദ്ധസദനത്തിലേക്ക് മാറ്റാൻ നടപടി സ്വീകരിച്ചു.

ശങ്കരനും ഭാര്യ ശാന്തയും വർഷങ്ങളായി മുംബയിലായിരുന്നു. കരിക്ക് കച്ചവടമായിരുന്നു ഉപജീവനമാർഗം. മക്കളില്ല. എട്ടുവർഷം മുമ്പ് നാട്ടിലെത്തി. സമീപത്തെ ചായക്കടയിൽ ശങ്കരൻ കുറച്ചുകാലം സഹായിയായി. ഇതായിരുന്നു ജീവിതമാർഗം. ലക്ഷംവീട് കോളനിക്കടുത്തുള്ള പുറമ്പോക്കിൽ ചെങ്കല്ല് കൊണ്ട് പാതി ചുവരുണ്ടാക്കി ഷീറ്റ് കൊണ്ട് മേഞ്ഞ ഷെഡായിരുന്നു ഇവരുടെ വീട്. ഒമ്പതുമാസം മുമ്പ് പക്ഷാഘാതത്താൽ ശങ്കരൻ കിടപ്പിലായി. രോഗിയായ ശാന്ത മാത്രമായിരുന്നു ഏക ആശ്രയം. അയൽപ്പക്കത്തുള്ളവരും നാട്ടുകാരും നൽകിയ സഹായങ്ങളായിരുന്നു ഇതുവരെയുള്ള ആശ്വാസം. കഴിഞ്ഞ ദിവസം മാനസിക രോഗിയായ ഒരാൾ ഇവരുടെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. ഇതോടെയാണ് ഇവരുടെ ജീവിതം കൂടുതൽ ദുരിതത്തിലായത്. ദീർഘനാളായി കിടപ്പിലായതിനാൽ ശങ്കരന്റെ ശരീരത്തിൽ വ്രണങ്ങൾ വന്നു തുടങ്ങിയിരുന്നു. വൃദ്ധസദനത്തിൽ ഇവർക്കാവശ്യമായ ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.