എരുമപ്പെട്ടി: കൊടും വരൾച്ചയിലും എരുമപ്പെട്ടി കരിയന്നൂർ റോഡ് തോടായി മാറി. കടങ്ങോട് ശുദ്ധജല വിതരണ പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകിയാണ് കരിയന്നൂർ റോഡ് കരകവിഞ്ഞൊഴുകിയത്. എരുമപ്പെട്ടി മേഖലയിലെ നിരവധി സ്ഥലങ്ങളിലാണ് ഇത്തരത്തിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. നിരവധി തവണ പരാതിപ്പെട്ടിട്ടും വടക്കാഞ്ചേരി കുന്നംകുളം റോഡിലെ ദുരവസ്ഥക്ക് മാറ്റം സംഭവിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. നാല് പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നത് ഈ പദ്ധതി വഴിയാണ്. അധികൃതരുടെ അനാസ്ഥ മൂലം നൂറുകണക്കിന് കുടുംബങ്ങളിലേക്കെത്തേണ്ട കുടിവെള്ളമാണ് നഷ്ടമാകുന്നത്.