കൊടുങ്ങല്ലൂർ: എൽ.ഡി.എഫ് ചാലക്കുടി മണ്ഡലം സ്ഥാനാർത്ഥി ഇന്നസെന്റ് കൊടുങ്ങല്ലൂർ നഗരസഭയിൽ പര്യടനം നടത്തി. ഓരോ കേന്ദ്രങ്ങളിലും ജനങ്ങൾ ഇന്നസെന്റിന് കൊന്നപ്പൂക്കളും പഴങ്ങളും ചക്കയുംനൽകി സ്വീകരിച്ചു. സ്ഥാനാർത്ഥിയുടെ കൈപിടിക്കാൻ സ്ത്രീകളും കുട്ടികളും പരസ്പരം മത്സരിച്ചു. ഓരോ കേന്ദ്രത്തിലും ഹ്രസ്വമായ പ്രസംഗം. സിനിമാ നടനായി നേരത്തെ ലോക്‌സഭയിലെത്തിയതും അഞ്ച് വർഷത്തിനിടെ 1750 കോടി രൂപയുടെ വികസന പ്രവർത്തനം നടത്തിയതുമെല്ലാം ചെറിയ വാക്കുകളിൽ ഒതുക്കിയ പ്രസംഗം. രാവിലെ പുല്ലൂറ്റ് ചാപ്പാറയിലെ ഐ.ടി.സി പരിസരത്തും അതിന് ശേഷം ആലിങ്ങൽ ക്ഷേത്രത്തിന് സമീപവും സ്വീകരണം. തുടർന്ന് കൊടുങ്ങല്ലൂർ നഗരത്തിലൂടെ ചാത്തേടത്ത് പറമ്പിലും തുടർന്ന് തിരുവള്ളൂരും എത്തിയപ്പോൾ വലിയ ജനക്കൂട്ടം.
തുടർന്ന് അഞ്ചപ്പാലം ലക്ഷം വീട് കോളനി,കണ്ടംകുളം, ടി.കെ.എസ് പുരം, എന്നിവ കഴിഞ്ഞ് കോട്ടപ്പുറം മേനക തിയേറ്റർ സെന്ററിലെത്തിയപ്പോൾ മുതിർന്ന നേതാവ് അമ്പാടി വേണു അടക്കമുള്ള നേതാക്കൾ സ്വീകരിക്കാൻ കാത്തുനിൽപ്പുണ്ടായിരുന്നു. അഡ്വ. വി.ആർ. സുനിൽ കുമാർ എം.എൽ.എ, നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ എന്നിവർ വാഹനത്തിൽ ഇന്നസെന്റിനോടൊപ്പം ഉണ്ടായി. യാത്ര പിന്നീട് പൊയ്യയിലേക്കായിരുന്നു.