തൃശൂർ: തിരഞ്ഞെടുപ്പ് വേറെ, കളി വേറെ. അതുകൊണ്ടു തന്നെ കാൽപ്പന്തുകളിയുടെ ആവേശത്തിൽ രാഷ്ട്രീയം മറന്ന് അവർ മത്സരിച്ചു. വ്യത്യസ്ത തൊഴിലാളി യൂണിയനിൽപ്പെട്ടവരാണ് ഇവർ. പകലന്തിയോളം വ്യത്യസ്ത തൊഴിലാളി യൂണിയനുകളിൽ പ്രവർത്തിച്ച് ചുമടെടുക്കുകയും രാത്രി അതേ രാഷ്ട്രീയ ചേരികളിൽ നിന്ന് പോസ്റ്റർ ഒട്ടിക്കുന്നവരുമാണ് കാൽപന്ത് കളിയുടെ ആവേശത്തിൽ ഒരുമിക്കുന്നത്.
പാട്ടുരായ്ക്കൽ മൂന്നാം ഡിവിഷനിലാണ് ഒത്തൊരുമയുടെ ഈ കാഴ്ച. പാട്ടുരായ്ക്കൽ, പെരിങ്ങാവ് ചുങ്കം, ചെറുമുക്ക് എന്നീ പ്രദേശങ്ങളിലെ ചുമട്ട്‌തൊഴിലാളി സുഹൃത്തുക്കളായ സുർജിത് യു.എസ്, വിനീത് വിജയൻ, അനീഷ് പി.ആർ എന്നിവരുടെ സംഘമാണ് ഫ്രണ്ട്‌സ് വടക്കേപ്പാടം എന്ന പേരിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഫ്‌ളഡ് ലൈറ്റ് ഫുട്ബാൾ കോലോത്തും പാടത്ത് സംഘടിപ്പിക്കുന്നത്. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് എന്നീ വിവിധ യൂണിയനുകളിലെ തൊഴിലാളികളാണ് ഈ ചങ്ങാതിമാർ, മാത്രമല്ല ഇന്ത്യൻ ഫുട്ബാളിന് കോലോത്തുംപാടം സംഭാവന ചെയ്ത ഫുട്ബാൾ ഇതിഹാസം ഐ.എം. വിജയന്റെ പിൻമുറക്കാരും ആരാധകരും.
മൂന്ന് കൊല്ലമായി നടത്തുന്ന ടൂർണമെന്റിൽ നിന്നും ലഭിക്കുന്ന ലാഭത്തിൽ നിന്നും ഒരു വിഹിതം പാവപ്പെട്ടവർക്ക് നൽകി കാരുണ്യ പ്രവർത്തനങ്ങളിലും ഒന്നാണ് ഈ തൊഴിലാളി സഹൃത്തുക്കൾ. ഫുട്‌ബോൾ ടൂർണമെന്റ് പ്രമുഖ വ്യവസായി അഡ്വ. സി.കെ. മേനോനാണ് സ്‌പോൺസർ ചെയ്തിരിക്കുന്നത്. ടൂർണമെന്റ് പാട്ടരായ്ക്കൽ ഡിവിഷൻ കൗൺസിലർ ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു.