s-n-d-p
പേരാമ്പ്ര ഗുരുചൈതന്യമഠത്തിലെ കൺവെൻഷനിൽ ആശാന്റെ 146-മത് ജയന്തി ആഘോഷത്തിൽ ആശാൻ സ്മാരക പ്രഭാഷണം ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ.വി. ദിനേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു

കൊടകര : ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവിക ദർശനത്തിന്റെ അതിശക്തമായ പ്രയോക്താവും പ്രവാചകനുമായിരുന്നു മഹാകവി കുമാരനാശാനെന്ന് സ്വാമി സച്ചിദാനന്ദ. പേരാമ്പ്ര ഗുരുചൈതന്യ മഠത്തിലെ കൺവെൻഷനിൽ ആശാന്റെ 146​-ാം ജയന്തി ആഘോഷത്തിൽ ആശാൻ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു സ്വാമികൾ.

ഗുരുവിന്റെ ജാതിരഹിത സമൂഹത്തിന്റെ സൃഷ്ടിക്ക് വേണ്ടി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി. ആശാന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭണങ്ങളിലൂടെയാണ് അധകൃതർക്കായി സ്‌കൂളുകൾ തുറന്നുകിട്ടിയത്. ആശാന് സി. രാജഗോപാലാചാരിയുമായുള്ള ബന്ധം വഴി സരസകവി മൂലൂർ, അയ്യങ്കാളി, പൊയ്കയിൽ കുമാരദേവൻ, കുറുമ്പൻ ദൈവത്താൻ തുടങ്ങിയ സാമുദായിക നേതാക്കൻമാരെ കൊണ്ട് ശ്രീമൂലം പ്രജാസഭയിൽ നിവേദങ്ങളിലൂടെ സാമൂഹിക പുരോഗതിക്ക് വേണ്ടി വാദിക്കാനും ആധുനിക കേരളത്തെ വാർത്തെടുക്കനും സ്വാധിനം ചെലുത്തിയതായി സച്ചിദാനന്ദസ്വാമികൾ പറഞ്ഞു.

ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ.വി. ദിനേഷ് ബാബു ഉദ്ഘാടനം ചെയ്തു. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. പി.എസ്. ചന്തു, നരേന്ദ്രൻ കല്ലിക്കട, ജയപാൽ അങ്കമാലി, ഇന്ദസേനൻ എന്നിവർ പ്രസംഗിച്ചു. വിദ്യാധരൻ പനങ്ങാട് കൃഷിയെക്കുറിച്ച് ക്ലാസെടുത്തു. കാർഷികപ്രദർശന വിപണനമേളയും ഏപ്രിൽ 14 വരെ തുടരും. നാളെ ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് കെ.കെ. കൃഷ്ണാനന്ദ ബാബു ഉദ്ഘാടനം ചെയ്യും. സതീശൻ അന്തിക്കാട്, വസന്തകുമാരി എന്നിവർ ക്ലാസുകൾ നയിക്കും 14ന് സച്ചിദാനന്ദസ്വാമി ദിവ്യപ്രബോധനവും ധ്യാനവും നടത്തും. ഏപ്രിൽ 15ന് രാവിലെ സ്വാമി സച്ചിദാനന്ദ വിഷുകൈനീട്ടം നൽകി കൺവെൻഷൻ പര്യവസാനിക്കും.