തൃശൂർ: രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കും നിയമങ്ങളുള്ളതു പോലെ പ്രകൃതിക്കും നിയമങ്ങളുണ്ടെന്നും മനുഷ്യൻ പ്രകൃതി നിയമങ്ങൾ ലംഘിക്കുന്നത് കൊണ്ടാണ് പ്രകൃതി തിരിച്ചടിക്കുന്നതെന്നും മാതാ അമൃതാനന്ദമയി. അയ്യന്തോൾ പഞ്ചിക്കൽ ബ്രഹ്മസ്ഥാന ക്ഷേത്ര വാർഷിക മഹോത്സവത്തിൽ സത്സംഗം നടത്തുകയായിരുന്നു അവർ.
പ്രകൃതിനിയമം അനുസരിച്ച് ജീവിക്കാൻ നമുക്ക് കഴിയണം. അത് ഒരുമയും ത്യാഗവും യജ്ഞമനോഭാവവുമാണ്. മനുഷ്യനിർമ്മിത നിയമങ്ങൾ അനുസരിക്കുന്നതിനേക്കാൾ പ്രാധാന്യത്തോടെ പ്രകൃതിനിയമങ്ങൾ അനുസരിക്കാൻ നമുക്ക് കഴിയണം. ഒരു ഗാനം ആലപിക്കുമ്പോൾ ശ്രുതി, ലയം, താളം എന്നിവയില്ലെങ്കിൽ ആ പാട്ട് കേൾക്കാൻ സുഖമുണ്ടാവില്ല. ജീവിതത്തിന്റെ ആധാരമായി പ്രവർത്തിക്കുന്ന ശ്രുതി-താള-ലയങ്ങളാണ് പ്രകൃതി. പ്രകൃതിക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തിയില്ലെങ്കിൽ ജീവിതത്തിൽ സുഖവും ശാന്തിയും അനുഭവിക്കാൻ കഴിയില്ല. ഇളം തലമുറയിൽ പ്രകൃതി സ്‌നേഹം വളർത്തുന്നതിന് വേണ്ടി അമൃതാനന്ദമയി മഠം 'വിഷുത്തൈനീട്ടം' ആചരിച്ചു വരുന്നുണ്ട്. മുതിർന്നവർ ഇളയവർക്ക് കൈനീട്ടം കൊടുക്കുമ്പോൾ ഫലവൃക്ഷത്തിന്റെയോ പച്ചക്കറിയുടെയോ ഒരു തൈ കൂടി നൽകണം. അവ കുട്ടികൾ നട്ടു വളർത്തട്ടെ. പ്രകൃതി നമ്മുക്കെതിരല്ല, എപ്പോഴും നമ്മോടൊപ്പം നിന്ന് നമുക്ക് നന്മ മാത്രം കാംക്ഷിക്കുന്ന ഉത്തമ സുഹൃത്താണ് എന്ന് ഓർമ്മിക്കണം എന്നും അമൃതാനന്ദമയി ഓർമ്മിപ്പിച്ചു.
ബ്രഹ്മസ്ഥാന ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി രാവിലെ 5.30 മുതൽ ധ്യാനം, ലളിതാസഹസ്രനാമാർച്ചന, രാഹുദോഷ നിവാരണ പൂജ എന്നിവ നടന്നു. 10.30 ന് വേദിയിലെത്തിയ അമ്മയെ ബി.എസ്.എൻ.എൽ പ്രിൻസിപ്പൽ ജി.എം രാജേന്ദ്രൻ ടി.ടി.എസ്, ധനലക്ഷ്മി ബാങ്ക് എം.ഡി ലത, കല്യാൺ ജ്വല്ലറി ഉടമ ടി.എസ്. കല്യാണരാമൻ, കിഴക്കേടത്ത് മാധവൻ നമ്പൂതിരി, സ്വാദ് ഫുഡ് പ്രൊഡക്ട്‌സ് ചെയർമാൻ സി.കെ. അനിൽകുമാർ, സിനിമാതാരം മാളവിക എന്നിവർ ഹാരാർപ്പണം ചെയ്തു. തുടർന്ന് അമ്മയുടെ അനുഗ്രഹ പ്രഭാഷണം, ഭക്തിഗാനസുധ, ധ്യാനപരിശീലനം, ദർശനം എന്നിവ നടന്നു.

ഇന്ന് അനുഗ്രഹപ്രഭാഷണം


ഇന്ന് രാവിലെ 7.30 മുതൽ ശനിദോഷനിവാരണ പൂജ നടക്കും. 10.30 മുതൽ അനുഗ്രഹ പ്രഭാഷണം, ഭക്തിഗാനസുധ, ധ്യാനപരിശീലനം, ദർശനം എന്നിവ നടക്കും. സൗജന്യ ടോക്കൺ വഴിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. ഭക്തർക്കെല്ലാം സൗജന്യഭക്ഷണവും വെളളവും നൽകുന്നുണ്ട്.