gvr-suresh-gopi
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഗുരുവായൂരിൽ സുരേഷ് ഗോപി കുഞ്ഞിന് പേരിടൽ ചടങ്ങ് നടത്തുന്നു

ഗുരുവായൂർ: തങ്ങളുടെ കുഞ്ഞിന് സുരേഷ് ഗോപിയെ കൊണ്ട് പേരിടിക്കുന്നതിനായി പൊരിവെയിലത്ത് കാത്തുനിന്ന സുരേഷ് - രേഷ്മ ദമ്പതികളെ നിരാശരാക്കാതെ തിരഞ്ഞെടുപ്പ് ചൂടിനിടയിലും എൻ.ഡി.എ സ്ഥാനാർത്ഥി. കൊട്ടാരക്കര സ്വദേശി സുരേഷും ഭാര്യ ചെറുവത്താനി സ്വദേശി രേഷ്മയുമാണ് തങ്ങളുടെ കുഞ്ഞിന് സുരേഷ് ഗോപിയെ കൊണ്ട് പേരിടിയിച്ചത്. കുഞ്ഞിന് സുരേഷ് ഗോപിയെ കൊണ്ട് പേരിടിക്കാനായി തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഗുരുവായൂർ പടിഞ്ഞാറെ നടയിലെത്തുന്ന സ്ഥാനാർത്ഥിയെയും കാത്ത് നിൽക്കുകയായിരുന്നു ഇവർ.

നട്ടുച്ചയോടെയാണ് സുരേഷ് ഗോപി തുറന്ന ജീപ്പിൽ പടിഞ്ഞാറെ നടയിലെത്തിയത്. സംഘ പ്രവർത്തകരായ തങ്ങളുടെ വലിയ ആഗ്രഹമാണ് കുഞ്ഞിന് സുരേഷ് ഗോപി പേരിടണമെന്നതെന്ന് ദമ്പതികൾ പറഞ്ഞപ്പോൾ ഉടൻ ജീപ്പിൽ നിന്നും ഇറങ്ങി. കുഞ്ഞിന് അനശ്വര എന്നാണ് പേരിട്ടത്. കുഞ്ഞിന്റെ ചെവിയിൽ മൂന്ന് തവണ സുരേഷ് ഗോപി 'അനശ്വര' എന്ന് ഉരുവിട്ടു. കുട്ടിക്ക് ചരടും കെട്ടികൊടുത്ത ശേഷം ചടങ്ങ് കഴിഞ്ഞതോടെ വീണ്ടും ജീപ്പിൽ കയറി വോട്ടഭ്യർത്ഥനയായി. നിയോജക മണ്ഡല തലത്തിലുള്ള പ്രചരണത്തിന്റെ ഭാഗമായി പടിഞ്ഞാറെ നടയിലെത്തിയ സുരേഷ് ഗോപിക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് നൽകിയത്.

തമ്പുരാൻപടിയിൽ നിന്ന് തുറന്ന ജീപ്പിലെത്തിയ താരത്തെ താളമേളങ്ങളോടെയാണ് എതിരേറ്റത്. നട്ടുച്ചയായിട്ടും കാത്ത് നിന്ന പ്രവർത്തകരുടെ ആവേശത്തിന് കുറവുണ്ടായില്ല. രാജ്യസഭാംഗമെന്ന നിലയിൽ തന്റെ കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന മികവും സ്ഥാനാർഥി മുന്നോട്ടുവച്ചു. തിരുവനന്തപുരത്ത് താമസിച്ച് തൃശൂരിനെ സേവിക്കുന്ന ആളാവില്ല താനെന്നും തൃശൂർ മണ്ഡലത്തിന്റെ മദ്ധ്യഭാഗത്ത് വീടുവച്ച് താമസിക്കാനാണ് ഉദ്ദേശിക്കുന്നതെന്നതെന്നും ഉറപ്പ് നൽകി. 'ജസ്റ്റ് റിമമ്പർ ദാറ്റ്! എന്ന തന്റെ വിഖ്യാതമായ ഡയലോഗോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്. കുടുംബ സുഹൃത്തായ മമ്മിയൂരിലെ ഡോ. രാമചന്ദ്രന്റെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം.