തൃശൂർ: ഒല്ലൂർ മണ്ഡലത്തിൽ എം.എൽ.എ ആയിരിക്കെ 2010 ൽ വൈദ്യുതി എത്തിച്ചുകൊടുത്ത ഒളകരയിലെ ആദിവാസി ഊരുകൾ സ്ഥാനാർത്ഥി രാജാജി മാത്യു തോമസിനെ ഇന്നലെ വരവേറ്റു, ആഹ്ളാദാരവങ്ങളോടെ. വനത്തിൽനിന്നും ശേഖരിക്കുന്ന വിലയേറിയ ഒരു കുപ്പി തേൻ സമ്മാനിച്ചാണ് സ്ഥാനാർത്ഥിയെയും സംഘത്തെയും അവർ യാത്രയാക്കിയത്.
കാഞ്ഞാണിയിയൽ നടന്ന നെൽകർഷക സംഗമത്തിൽ പങ്കെടുത്ത ശേഷമാണ് രാജാജി ഒളകര, മണിയൻകിണർ, പൂവൻച്ചിറ, പയ്യനം, താമരവെള്ളച്ചാൽ, വേല്ലൂർ, പഴവെള്ളം ആദിവാസി കോളനികൾ സന്ദർശിച്ചത്. വാഹനങ്ങളുടെ അകമ്പയില്ലാതെ സ്വാഭാവിക സന്ദർശനമായിരുന്നു. വർഷങ്ങളായി തന്നെ അറിയുന്നവരാണ് ഒളകരയിലും മണിയൻ കിണറിലുമുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഒല്ലൂരിലെ എം.എൽ.എ ആയിരുന്നപ്പോഴും ഊരുനിവാസികളുമായി ആത്മബന്ധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവിടെയെത്തിയ രാജാജിയെ വീട്ടിലെ ഒരംഗത്തേപ്പോലെ തലമുറഭേദമില്ലാതെ ആദിവാസികൾ സ്വീകരിച്ചു. കുറച്ചധികം നേരം അവരുമായി ചെലവഴിച്ചു. കുറെയേറെ സംസാരിച്ചു. മണിയൻ കിണർ ആദിവാസി കോളനിയിലെത്തിയപ്പോൾ ചുവന്ന മാലകളും പൂക്കളുമായിട്ടായിരുന്നു സ്വീകരണം. കെ രാജൻ എം.എൽ.എയും ഒപ്പമുണ്ടായിരുന്നു.
ഒളകര ആദിവാസികളുടെ ഭൂമിപ്രശ്‌നം പരിശോധിക്കാൻ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അന്നത്തെ ജില്ലാ കളക്ടർ എ. കൗശിഗനും സംഘവും നേരിട്ട് എത്തിയിരുന്നു. 41 കുടുംബങ്ങളാണ് കോളനിയിൽ ഉള്ളത്. ജില്ലയിലെ ഇതര ഭാഗങ്ങളിലെ ആദിവാസികൾക്ക് വനാവകാശ നിയമപ്രകാരം നിയമാനുസൃത ഭൂമി ലഭിച്ചിരുന്നെങ്കിലും പീച്ചി വന്യജീവി സങ്കേതത്തോട് ചേർന്നു കിടക്കുന്ന ഒളകര നിവാസികൾക്ക് ഭൂമി ഒന്നും ലഭിച്ചില്ല. പീച്ചി അണക്കെട്ടിന്റെ നിർമാണ സമയത്ത് മാറ്റിപ്പാർപ്പിക്കപ്പെട്ടവരാണ് ഒളകരയിലുള്ളത്. കഴിഞ്ഞ വർഷം കോളനി നിവാസികൾ വനം കൈയേറി എന്നാരോപിച്ച് വനം വകുപ്പ് അധികൃതർ കൃഷി നശിപ്പിച്ചിരുന്നു. തുടർന്ന് കെ രാജൻ എം.എൽ.എ ഇടപെട്ട് ഇവരുടെ പ്രതിനിധികൾ വനം,റവന്യൂ വകുപ്പു മന്ത്രിമാരുമായി പിന്നീട് ചർച്ച നടത്തിയതിനെ തുടർന്നാണ് സ്ഥലം പരിശോധിച്ചു റിപ്പോർട്ട് നൽകാൻ കളക്ടറോട് ആവശ്യപ്പെട്ടത്.