തൃശൂർ: ''ആ കുട്ടിക്ക് ഒരു ചോദ്യം ചോദിക്കാം. മടിച്ചുനിൽക്കേണ്ട. ആർജ്ജവത്തോടെ ചോദിക്കൂ. 45 മിനിറ്റോളം നീണ്ട പ്രസ് ക്ളബിന്റെ രാഷ്ട്രീയം പറയാം എന്ന പരിപാടി അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു പതിവുചിരിയോടെയുള്ള എ.കെ. ആന്റണിയുടെ ആവശ്യം.

തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തിൽ നിന്ന് ഒരു കേന്ദ്രവനിതാ മന്ത്രിയെ പ്രതീക്ഷിക്കാമോ- ചോദ്യം കേട്ട മാത്രയിൽ വീണ്ടും ആന്റണിയുടെ ചിരി. പിന്നെ പതിഞ്ഞ സ്വരത്തിൽ മറുപടി. ജയിക്കട്ടെ. എന്നിട്ട് ആലോചിക്കാം. എന്തായാലും ഒരു കാര്യത്തിൽ ഉറപ്പ് നൽകാം. കേരളത്തിൽ നിന്നുള്ള ഒരു എം.പിയായിരിക്കും അടുത്ത പ്രധാനമന്ത്രി.

തൃശൂരിൽ വന്നിട്ട് കുറെയായോയെന്നായിരുന്നു സൗഹൃദത്തോടെയുള്ള മറ്റൊരു ചോദ്യം. കുറച്ചു കാലമായി വന്നിട്ട്. സാംസ്കാരിക തലസ്ഥാനമമല്ലേ. തൃശൂർ എനിക്ക് ഇഷ്ടമാണ്. തൃശൂരിന്റെ മുക്കുംമൂലയും എനിക്ക് പരിചയമാണ്. പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി എത്രയോ നാൾ തൃശൂരിൽ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ പ്രായമായി. യു.പി.എ. മന്ത്രിസഭ വരുകയാണെങ്കിൽ വീണ്ടും ഒരിക്കൽ കൂടി മന്ത്രിയായുണ്ടാകുമോയെന്ന ചോദ്യത്തിന് അങ്ങനെയൊരു ബാല്യം ഇല്ലെന്നായിരുന്നു മറുപടി. അതിന്റെ സമയമൊക്കെ കഴിഞ്ഞു. എങ്കിലും മരിക്കുന്നതുവരെ ഒരു രാഷ്ട്രീയ പ്രവർത്തകനാരിക്കണമെന്നാണ് ആഗ്രഹമെന്ന് ആന്റണി വ്യക്തമാക്കി.
ടി.എൻ. പ്രതാപൻ പാവമാണ്. നിങ്ങളെല്ലാവരും വോട്ടു ചെയ്യണമെന്ന് കൂടി അഭ്യർത്ഥിച്ച ശേഷം വേദിയിൽ നിന്ന് താഴെയിറങ്ങിയ പഴയകാല പത്രപ്രവർത്തകരെ പേരെടുത്ത് വിളിച്ച് സംസാരിച്ചു.

നേരത്തെ ചോദ്യം ചോദിക്കാൻ ആവശ്യപ്പെട്ടവരുടെ അടുത്തെത്തി ചോദിച്ചു. നിങ്ങളൊക്കെ ഏതു പത്രത്തിലാണ്.
മുതിർന്ന മറ്റൊരു വനിതാ ജേർണലിസ്റ്റ് പരിചയപ്പെടുത്തി. ''ഇവരെക്കെ ഇന്റേൺഷിപ്പിന് വന്നവരാണ്''.
ആന്റണി വിദ്യാർത്ഥിനികളെ അടുത്തേക്ക് വിളിച്ചു. കൂടെ നിറുത്തി ചിത്രങ്ങളെടുത്ത ശേഷം ഒരു ഉപദേശവും. ചോദ്യങ്ങളെപ്പോഴും ഷാർപ്പാകണം. അപ്രതീക്ഷിതമായ ചോദ്യങ്ങളായിരിക്കണം. ഇപ്പോൾ അങ്ങനെയുള്ള ചോദ്യങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നും ആന്റണി പറഞ്ഞു.

എന്നെ പെടുത്താനാണോ ശ്രമം

ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ പ്രധാന ഘടകമാണോയെന്ന ചോദ്യത്തിനായിരുന്നു ആന്റണിയുടെ മറുചോദ്യം. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്താൻ എനിക്ക് താത്പര്യമില്ല. വിശ്വാസവും ആചാരവും കോൺഗ്രസ് പാർട്ടിക്ക് പ്രാണവായുപോലെയാണ്. എന്നും അതൊക്കെ സംരക്ഷിച്ച പാരമ്പര്യമേ കോൺഗ്രസിനുള്ളുവെന്നും ആന്റണി വ്യക്തമാക്കി.