തൃശൂർ: ഞായറാഴ്ചകളില്ല, അവധിയില്ല. ദുഃഖ വെള്ളിയും ഈസ്റ്ററുമില്ല. വിഷു ആഘോഷവും ഇത്തവണയില്ല... മേയ് 23ന് വോട്ടെണ്ണുന്നതു വരെ കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗം ഓഫീസിലെ പ്രവർത്തനം 'നോൺ സ്റ്റോപ്പാണ്. ഇന്നലെ മുതൽ ഒരാഴ്ചയോളം ഒന്നിച്ച് അവധി ദിനങ്ങളാണെങ്കിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാർക്ക് ഇവ ബാധകമല്ല.
സാധാരണ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസിൽ ഒരു ഡെപ്യൂട്ടി കളക്ടറും രണ്ട് ക്ലാർക്കുമാരും ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡർ, കെൽട്രോൺ പ്രോഗ്രാമർ, അസി. പ്രോഗ്രാമർ എന്നിവരാണുള്ളത്. ഇവർക്ക് പുറമെ അധികമായി 12 പേർ കൂടിയുണ്ട്. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നെത്തിയവരാണിവർ.
അഞ്ചുമണിയാകുമ്പോൾ വീട്ടിൽ പോകാമെന്ന അവസ്ഥയിലും മാറ്റമുണ്ട്. ഒരു മാസമായി 24 മണിക്കൂറും ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുക്കാറായതോടെ രാത്രിയിലും കൂടുതൽ സജീവമാണ് ഈ ഓഫീസ്. വോട്ടിംഗ് യന്ത്രം തിരഞ്ഞെടുപ്പിനായി ഒരുക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. ചെലവുകളുടെ മേൽനോട്ടം കൂടി തിരഞ്ഞെടുപ്പ് വിഭാഗം ഓഫീസിന്റെ ചുമതലയിലാണ്.
ഓരോ നിയമസഭാ മണ്ഡലത്തിലും അസി. 'എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവറെ' നിയോഗിച്ചിട്ടുണ്ട്. ഒരു നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ 'എക്‌സ്‌പെൻഡിച്ചർ മോണിറ്ററിംഗ് സെല്ലും പ്രവർത്തിക്കുന്നു.
പരമാവധി 70 ലക്ഷം രൂപ
ഒരു സ്ഥാനാർത്ഥിക്ക് ചെലവഴിക്കാൻ സാധിക്കുന്ന പരമാവധി തുക 70 ലക്ഷമാണ്. നിരീക്ഷണ സ്‌ക്വാഡുകൾ എത്തി ചുവരെഴുത്ത് മായ്ച്ചാലും ബോർഡുകൾ മാറ്റിയാലും അതിന്റെ ചെലവുകളെല്ലാം സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ കണക്കുകൂട്ടും.
വേണ്ടത് 1245 വാഹനങ്ങൾ
ജില്ലയിൽ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് വേണ്ടത് 1245 വാഹനങ്ങൾ. ഇതിൽ അംഗവൈകല്യമുള്ള വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാനാണ് 200 വാഹനങ്ങൾ. വിവിധ ഡിപ്പാർട്ട്മെന്റുകളുടെ 170 വാഹനങ്ങൾ ഇപ്പോൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഓടുന്നുണ്ട്. സ്വകാര്യമേഖലയിൽ നിന്നുള്ള 950 വാഹനങ്ങളാണ് ഇക്കുറി ആവശ്യം. കാറുകളും ജീപ്പുകളും ബസുകളും ഉൾപ്പെടും. തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ പോളിംഗ് സാമഗ്രികൾ കൊണ്ടുപോകുന്നതിനും തിരികെ കൊണ്ടുവരുന്നതിനും ഉൾപ്പെടെയാണിത്. സ്വകാര്യ ബസുകളാണ് തിരഞ്ഞെടുപ്പ് ദിവസം ഉദ്യോഗസ്ഥരെ പോളിംഗ് ബൂത്തുകളിലെത്തിക്കാനായി ഉപയോഗിക്കുന്നത്.
14,000 ഉദ്യോഗസ്ഥർ
തിരഞ്ഞെടുപ്പ് ജോലിക്ക് ജില്ലയിൽ വേണ്ടത് 14,000 ഉദ്യോഗസ്ഥർ. 2,283 പോളിങ് ബൂത്തുകളിലേക്കാണ് ജീവനക്കാരെ നിയമിക്കുന്നത്. 2,800 ഉദ്യോഗസ്ഥർ റിസർവ് ആയിരിക്കും. കേന്ദ്രസംസ്ഥാന സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിലെ മുഴുവൻ ജീവനക്കാരുടെയും പട്ടിക ശേഖരിച്ചാണ് ജീവനക്കാരെ നിയമിക്കുന്നത്.രഹസ്യ കേന്ദ്രത്തിലാണ് നിയമന നടപടികൾ പൂർത്തിയാക്കുക.
കേന്ദ്രത്തിൽ നിന്ന് നിരീക്ഷകർ
തിരഞ്ഞെടുപ്പ് ചെലവുകളുടെ നിരീക്ഷണത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച മൂന്ന് നിരീക്ഷകരാണ് ജനറൽ വിഭാഗത്തിൽ ജില്ലയിലുള്ളത്. തൃശൂരിൽ ഒറിസയിൽ നിന്നുള്ള സേനാപതി, ചാലക്കുടി കെ. മെഹബൂബ്ബ് അലി, ആലത്തൂരിൽ ദേഷായ് എന്നിവരാണിവർ.