തൃശൂർ: തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇതുവരെ കൂടുതൽ തുക ചെലവഴിച്ചത് ഇടതുമുന്നണിയിലെ രാജാജി മാത്യു തോമസ്. - 23,29,713 രൂപ. സ്വതന്ത്ര സ്ഥാനാർത്ഥി കെ.പി. പ്രവീണാണ് ഏറ്റവും കുറവ് തുക ചെലവഴിച്ചത് 25,000 രൂപ. കോൺഗ്രസിലെ ടി.എൻ. പ്രതാപൻ 11,17,765ഉം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി 9,41,840 രൂപയും ചെലവഴിച്ചു. ബി.എസ്.പി. സ്ഥാനാർത്ഥി ടി.സി. നിഖിൽ 1,07,125 രൂപയാണ് ചെലവഴിച്ചത്. വരണാധികാരിയും ജില്ലാ കളക്ടറുമായ ടി.വി. അനുപമയുടെ അദ്ധ്യക്ഷതയിൽ മണ്ഡലത്തിലെ ചെലവ് നിരീക്ഷകൻ എസ്. രംഗരാജന്റെ നേത്യത്വത്തിലാണ് കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ പരിശോധന നടന്നത്. പരിശോധനാ നടപടിയിൽ ഹാജരാകാത്ത എൻ.ഡി. വേണു, സുവിത്ത്, സോനു എന്നിവർക്ക് 16ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് ചെലവ് കണക്കുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുമെന്ന് ചെലവ് നിരീക്ഷകൻ എസ്. രംഗരാജൻ വ്യക്തമാക്കി. അടുത്ത ഘട്ട പരിശോധന 17, 21 തീയതികളിലായി രാവിലെ പത്തിനും ഉച്ചയ്ക്ക് 2.30 നുമായി രണ്ട് സെഷനുകളിലായി നടക്കും.