എരുമപ്പെട്ടി: സ്വന്തം കൃഷിയിടത്തിൽ പൊന്നുവിളയിച്ച് ശ്രദ്ധേയനാവുകയാണ് വേലൂർ സ്വദേശിയായ ഓട്ടോമൊബൈൽ എൻജിനീയർ. സാങ്കേതിക തൊഴിൽ മേഖലയിൽ ലക്ഷങ്ങൾ പ്രതിഫലം ലഭിക്കുമെന്നിരിക്കെ കൃഷിയെ ജീവിതവിജയമാക്കി മാറ്റിയിരിക്കുകയാണ് പുലിയന്നൂർ ചിരിയങ്കണ്ടത്ത് സിജോ.
കൃഷിയിടങ്ങൾ തരിശിടാൻ ഇഷ്ടപ്പെടാത്ത പിതാവിൽ നിന്നാണ് കൃഷിയെ കുറിച്ചുള്ള അറിവുകൾ സിജോക്ക് ലഭിച്ചത്. നാട്ടിലും വിദേശത്തും ഓട്ടോമൊബൈൽ എൻജിനിയറായി ജോലി ചെയ്തെങ്കിലും ചെറുപ്പം മുതൽ കൃഷിയെ സ്നേഹിച്ചാണ് സിജോ വളർന്നത്. പ്രളയത്തെ തുടർന്ന് വരണ്ടുണങ്ങിയ കൃഷിയിടങ്ങളിൽ വേനൽക്കാല കൃഷിയിറക്കി സിജോ തന്റെ കരുത്ത് തെളിയിച്ചു.
വേലൂർ കൃഷിഭവനിൽ നിന്നും ലഭിച്ച വിത്തുകളുപയോഗിച്ച് വെള്ളരി, കുമ്പളം, പയർ, ഇഞ്ചി, കയ്പ തുടങ്ങിയ പച്ചക്കറികളും, നെൽക്കൃഷിയുമടക്കം മൂന്നര ഏക്കറിലധികം സ്ഥലത്താണ് വിളകൾ പാകമായി നില്ക്കുന്നത്. വേനൽക്കാല കൃഷികളെയാണ് സിജോ ഏറെ ഇഷ്ടപ്പെടുന്നത്. കുടുംബാംഗങ്ങളുടെ പരിപൂർണ്ണ പിന്തുണയും സിജോക്കുണ്ട്. വേലൂർ കൃഷി ഓഫീസറും പുലിയന്നൂർ പാടശേഖര സമിതി പ്രസിഡന്റും എല്ലാ സഹായങ്ങളുമായി ഈ യുവകർഷക നൊപ്പമുണ്ട്.
വിവിധ സംഘടനകളുടേയും കൃഷിഭവന്റേയും മികച്ച കർഷകനുള്ള അവാർഡ് നിരവധി തവണയാണ് സിജോയെ തേടിയെത്തിയിട്ടുള്ളത്. കൊടും വരൾച്ചയിൽ നാട് കരിഞ്ഞുണങ്ങുമ്പോഴും പച്ച പുതച്ച് കിടക്കുന്ന കൃഷിയിടം കാണാൻ നിരവധി പേരാണ് വരുന്നത്. ലാഭം മാത്രം മുന്നിൽ കണ്ട് കൃഷിയിറക്കരുതെന്നും കൃഷിയിൽ ഏറെ ശ്രദ്ധിക്കേണ്ടത് ജലസേചനമാണെന്നും സിജോ പറയുന്നു.