തൃശൂർ: എൽ.ഡി.എഫ് ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി രാജാജി മാത്യു തോമസ് ഒല്ലൂർ മണ്ഡലം മലയോര മേഖലയിൽ പര്യടനം നടത്തി. നീലിപ്പാറയിൽ നിന്നും തുടങ്ങിയ പര്യടനം ആവേശകരമായ സ്വീകരണങ്ങളേറ്റു വാങ്ങി വൈകീട്ട് കള്ളായിക്കുന്നിൽ സമാപിച്ചു. നീലിപ്പാറയിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് പര്യടനം ഉദ്ഘാടനം ചെയ്തു. മലയോര മേഖലയിലെ ചെറിയ ചെറിയ കവലകളിൽപ്പോലും സ്ത്രീകളും കുട്ടികളും യുവാക്കളും അടങ്ങുന്നവർ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി. പലയിടത്തും കണിക്കൊന്നയും പൂക്കളും ഫലങ്ങളും തന്നെയായിരുന്നു ഉപഹാരമായി ലഭിച്ചത്.
വാണിയമ്പാറ, ഇരുമ്പുപാലത്തിലെ സ്വീകരണകേന്ദ്രത്തിലും വൻജനകീയ പങ്കാളിത്തം അനുഭവപ്പെട്ടു. ആയോട്, ചാണോത്ത്, നിന്നുംകുഴി, പുല്ലംകണ്ടം, ചോച്ചേരിക്കുന്നിലും ചന്ദനക്കുന്ന്, മണ്ണൂർ, താളിക്കുണ്ട് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ രാജാജിയുടെ ജന്മദേശമായ കണ്ണാറയിൽ നിന്നും പര്യടനം പുനരാരംഭിച്ചു. കണ്ണാറ കോളനിയിലെ സ്വീകരണത്തിനുശേഷം തെക്കേക്കുളം, ചെന്നായ്പ്പാറ, വെള്ളക്കാരിത്തടം, കൊളാംകുണ്ട്, മാന്ദാമംഗലം ഫോറസ്റ്റ്, കെ.എച്ച്.ഡി.പി എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. കള്ളായിക്കുന്നിലായിരുന്നു സമാപനം.