തൃശൂർ: നഗരത്തിന്റെ കിഴക്കൻ മേഖലയിൽ പ്രഭാതസവാരിക്കിറങ്ങിയവരും ഉമ്മറത്ത് പത്രം വായിച്ചിരിക്കുന്നവരും മന്ത്രിയെ കണ്ട് ആശ്ചര്യപ്പെട്ടു. രാവിലെ തന്നെ മന്ത്രി വി.എസ്. സുനിൽകുമാർ ഒരു സംഘവുമായി വീടുകളിലെത്തിയത് വീട്ടമ്മമാരിലും കൗതുകമുണർത്തി. എൽ.ഡി.എഫിന്റെ തൃശൂർ ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന്റെ ചിത്രം ആലേഖനം ചെയ്ത വിഷു - ഈസ്റ്റർ ആശംസാ കാർഡാണ് മന്ത്രി വീട്ടുകാർക്കെല്ലാം സമ്മാനിച്ചത്.
കാർഡ് വാങ്ങിയവർ മന്ത്രിയോട് തങ്ങളുടെ സന്തോഷം പങ്കുവച്ചു. തിരിച്ച് ഓരോരുത്തരോടും അവരുടെ വിശേഷങ്ങൾ മന്ത്രി ചോദിച്ചു. മേഖലയിലെ ഓരോ വീട്ടിലും മന്ത്രിയും സഹപ്രവർത്തകരും കയറിയിറങ്ങി നോട്ടീസും ആശംസാ കാർഡും വിതരണം ചെയ്തു. രാവിലെ പത്തരവരെ പറവട്ടാനി മേഖലയിലായിരുന്നു സ്ത്രീകളും ഇടതുപക്ഷ നേതാക്കളും അടങ്ങുന്ന സ്‌ക്വാഡ് മന്ത്രിയുടെ നേതൃത്വത്തിൽ പര്യടനം നടത്തിയത്. വെള്ളിയാഴ്ചയും രാവിലെ മന്ത്രിയും സംഘവും കിഴക്കെ കോട്ട മേഖലയിൽ വോട്ടഭ്യർത്ഥിച്ചു വീടുകളിലെത്തിയിരുന്നു.