തൃശൂർ: ചേട്ടാ കുറച്ച് ചാളയെടുക്കട്ടെ?''എനിക്ക് കൊഴുവയാണ് കൂടുതലിഷ്ടം' സനലിന്റെ ചോദ്യം കേട്ട് പൊട്ടിച്ചിരിയോടെ സുരേഷ് ഗോപി മറുപടി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ടഭ്യർത്ഥിക്കാൻ ശക്തൻ മാർക്കറ്റിൽ എത്തിയതായിരുന്നു സുരേഷ് ഗോപി. മുണ്ട് മടക്കിക്കുത്തി കുടയും പിടിച്ചു മാർക്കറ്റിലെത്തിയ സുരേഷ് ഗോപിയെ കണ്ട മാർക്കറ്റിലെ തൊഴിലാളികളും സാധനങ്ങൾ വാങ്ങാൻ വന്നവരും ചുറ്റും കൂടി. തങ്ങളുടെ പ്രിയനേതാവിന് കൈ കൊടുക്കാനും ഒപ്പം ഫോട്ടോയെടുക്കാനും ആളുകൾ തിരക്കുകൂട്ടി. 'ഇതുവരെ നിങ്ങൾ എന്നെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു വേഷമാണ് ഞാനിപ്പോൾ കൈകാര്യം ചെയ്യുന്നത്. അത് നൂറു ശതമാനം സത്യസന്ധമായി വിജയിപ്പിക്കാൻ എന്നെ കൊണ്ട് സാധിക്കും എന്നുറപ്പുണ്ടെങ്കിൽ മാത്രം നിങ്ങളെന്നെ പിന്തുണക്കണം. - സുരേഷ്‌ഗോപി പറഞ്ഞു. രാവിലെ നായരങ്ങാടിയിൽ കച്ചവടക്കാരനായ അന്തരാമന്റെ ക്ഷണപ്രകാരം പ്രാവുകൾക്ക് തീറ്റ കൊടുക്കാനെത്തിയ ശേഷമാണ് സുരേഷ് ഗോപി മാർക്കറ്റുകളിലേക്കെത്തിയത്. നാസർ, വർഗീസ്, ഷണ്മുഖൻ, വഹാബ്, മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പിന്നീട് പച്ചക്കറി മാർക്കറ്റിലും അരിയങ്ങാടിയിലും ജയ് ഹിന്ദ് മാർക്കറ്റിലുമെത്തി സുരേഷ് ഗോപി വോട്ടഭ്യർത്ഥന നടത്തി. ശിവദാസ്, സന്തോഷ് എടക്കാരൻ, ആൽവിൻ വിൽസൺ, ഭാസ്‌കരൻ, സുനിൽകുമാർ, ജോജു, സൈമൺ എന്നിവർ ചേർന്ന് സ്ഥാനാർത്ഥിക്കു സ്വീകണമൊരുക്കി. പിന്നീട് പുല്ലഴി ലക്ഷ്മി മിൽസ് സന്ദർശിച്ചു. സെന്റ് ജോസഫ് മെന്റൽ ഹോമിലേക്കായിരുന്ന അടുത്ത യാത്ര. അവിടെ കന്യാസ്ത്രീകളും അധികൃതരും അന്തേവാസികളും കൂടി അദ്ദേഹത്തെ സ്വീകരിച്ചു. അന്തേവാസികളായ രാഗി സാവിത്രിയും സുരേഷ് ഗോപി അഭിനയിച്ച സിനിമകളിലെ പാട്ടു പാടി കേൾപ്പിച്ചു. പുല്ലഴി ചിൽഡ്രൻസ് ഹോം, വികലാംഗരെ സംരക്ഷിക്കുന്ന കേന്ദ്രമായ എ.എം.എച്ച്.എ യിലും സന്ദർശനം നടത്തി. ഹോട്ടൽ വൃന്ദാവനിൽ നടന്ന വനിതാ സംഗമം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. നൂറു കണക്കിന് വനിതകൾ സംഗമത്തിൽ പങ്കെടുത്തു. വൈകീട്ട് കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം, പൂങ്കുന്നം സീതാരാമ ക്ഷേത്രത്തിലെ ശ്രീരാമനവമി ആഘോഷത്തിലും പങ്കെടുത്തു.
ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എ. നാഗേഷ്, അഡ്വ. ഉല്ലാസ് ബാബു, പി.വി. സുബ്രഹ്മണ്യൻ, വത്സൻ തുടങ്ങിയ നേതാക്കൾ സ്ഥാനാർത്ഥിയെ അനുഗമിച്ചു.