കൊടുങ്ങല്ലൂർ: കേന്ദ്രത്തിൽ ഒരു പാർട്ടിക്കും തനിച്ചു ഭൂരിപക്ഷം കിട്ടില്ലെന്നുറപ്പാണെന്നും ഈ സാഹചര്യത്തിൽ ഇടതുപക്ഷത്തിന് ഇടപെടാൻ കഴിയുന്ന ഒരു സർക്കാർ സംവിധാനം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിക്ക് ശേഷം പൊലീസ് മൈതാനിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരുടെ വീടുകളിൽ മാറ്റം പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള നടപടികളുമായാണ് പിണറായി സർക്കാർ മുന്നോട്ടുപോകുന്നത്. ഇതിന്റെ ഗുണഫലം പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിക്കുമെന്നുറപ്പാണ്. തോറ്റോടി വരുന്നവർക്കും ഒളിച്ചോട്ടക്കാർക്കും പറ്റിയ ഇടമല്ല വയനാടെന്നും പഴശ്ശിയുടെ മണ്ണ് അത്തരക്കാരെ സ്വീകരിക്കില്ലെന്നും ചൂണ്ടിക്കാട്ടിയ കോടിയേരി ബാലകൃഷ്ണൻ മുസ്‌ലിം ലീഗിനെ ബി.ജെ.പിക്കാർ വർഗീയ വൈറസ് എന്നാക്ഷേപിച്ച് അപമാനിച്ചിട്ടും മുസ്‌ലിം ലീഗിനോടുള്ള വിരോധം മുസ്‌ലിം വിരോധം ആക്കി മാറ്റുന്നത് അംഗീകരിക്കാനാകില്ലെന്ന് വിളിച്ചു പറയാൻ ഇടതു പാർട്ടികളല്ലാതെ മറ്റാരുമില്ലെന്നും കോൺഗ്രസ് നേതൃത്വം മൗനം പാലിക്കുകയാണെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
എം.എൽ.എമാരായ അഡ്വ. വി.ആർ. സുനിൽകുമാർ, ഇ.ടി. ടൈസൺ മാസ്റ്റർ, നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ, സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ചന്ദ്രശേഖരൻ, പി.കെ. ഡേവിസ് മാസ്റ്റർ, വി. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.