pool
ചൗക്കയിലെ കുട്ടാടൻചിറ കുളം നവീകരിക്കുന്നു

ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ കുട്ടാടൻചിറയിൽ ശുചീകരണ പ്രവർത്തികൾ ആരംഭിച്ചു. ചൗക്കയിലെ കുളത്തിൽ നിന്നും വെള്ളം പമ്പ് ചെയ്ത് വറ്റിച്ച് അടിഭാഗത്ത് അടിഞ്ഞുകൂടിയ ചളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തികൾക്കാണ് തുടക്കമായത്. ഹിറ്റാച്ചിയുടെ സഹായത്തോടെയാണ് ചളി നീക്കം ചെയ്യുന്നത്. ചളി നീക്കം ചെയ്ത ശേഷം രണ്ട് കുടിവെള്ള പദ്ധതികൾക്കായി വെള്ളം ഉപയോഗപ്പെടുത്തുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. കുളത്തിലേക്ക് കനാൽ വെള്ളം എത്തിച്ച് നിറക്കാനും പദ്ധതിയുണ്ട്. കുളത്തിന്റെ ഒരു ഭാഗത്ത് ഫിൽറ്റർ തീർത്ത് അവിടെ നിന്നും വെള്ളം പമ്പ് ചെയ്ത് നായരങ്ങാടി പ്രദേശത്തെ 36കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന പ്രവർത്തനവും ആലോചിക്കുന്നു. കോടശ്ശേരി പഞ്ചായത്തിലെ മൂന്ന് കുളങ്ങളുടെ നവീകരണത്തിനായി മൂന്ന് ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. ഈ ഫണ്ടുപയോഗിച്ചാണ് ഇപ്പോൾ കുട്ടാടൻചിറയുടെ ശുചീകരണ പ്രവർത്തികൾ നടത്തുന്നത്. വർഷങ്ങളോളം അറ്റകുറ്റ പണികൾ നടക്കാത്തതിനതാൽ ഇതിൽ ചളിയും ചണ്ടിയും നിറയുകയായിരുന്നു. ഇതോടെ ചിറ മാലിന്യ നിക്ഷേപ കേന്ദ്രവുമായിത്തീർന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ നവീകരണം നടത്തുന്നത്.

............

കുടിവെള്ളത്തിനും ജലസേചനത്തിനും കുട്ടാടൻ ചിറ

പ്രാചീനകാലത്തെ ഈ മേഖലയിലെ പ്രധാന ജലശ്രോതസ്സായിരുന്നു ചിറ. ട്രാംവേ ഉണ്ടായിരുന്ന കാലത്ത് തീവണ്ടികളിൽ വെള്ളം നിറക്കാനും ചിറയെ ഉപയോഗിച്ചു. പ്രദേശത്തെ കുടിവെള്ളത്തിനും ജലസേചനത്തിനും വിശാലമായ കുട്ടാടൻ അനുഗ്രഹമാണ്. രണ്ട് കുടിവെള്ള പദ്ധതികളും പ്രവർത്തിക്കുന്നുണ്ട്. നല്ല രീതിയിലായിരുന്ന പദ്ധതികൾ അധികൃതരുടെ അശ്രദ്ധ നിമിത്തം നശിക്കുകയായിരുന്നു.