കയ്പ്പമംഗലം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ചാലക്കുടി ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാന് വേണ്ടി ഭാര്യ ഷേർളി പ്രചരണത്തിനിറങ്ങി. കയ്പ്പമംഗലം മണ്ഡലത്തിലെ വിവിധ മേഖലകളിലാണ് ബെന്നി ബെഹനാന്റെ വിജയം ഉറപ്പാക്കുന്നതിനായി ഷേർളിയും മകൾ റീനയും രംഗത്തിറങ്ങിയത്. രാവിലെ എട്ടോടെ ചെന്ത്രാപ്പിന്നിയിൽ നിന്ന് പ്രചരണം ആരംഭിച്ചു.
എടത്തിരുത്തി പഞ്ചായത്തിലെ കോഴി തുമ്പ് കോളനി, മധുരംപുള്ളി, അലുവ തെരുവ്, ചിറയ്ക്കൽ ജംഗ്ഷൻ, സലഫി നഗർ, ചാമക്കാല, ചക്കുഞ്ഞി കോളനി, സുനാമി കോളനി, കയ്പ്പമംഗലം പഞ്ചായത്തിലെ കൊപ്രക്കളം കിഴക്ക്, പള്ളിനട, ചളിങ്ങാട് അമ്പലനട മൂന്നുപീടിക ബീച്ച്, സുജിത്ത് ജംഗ്ഷൻ എന്നിവിടങ്ങളിലും വീടുകൾ തോറും കയറിയിറങ്ങി വോട്ട് അഭ്യർത്ഥിച്ചു. കയ്പ്പമംഗലം പഞ്ചായത്തിലെ ചളിങ്ങാട് അമ്പലനട യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിലും ഷേർളി പങ്കെടുത്തു. ബെന്നി ബെഹനാന്റെ മക്കൾ ശ്രീനാരായണപുരം പഞ്ചായത്ത് കേന്ദ്രീകരിച്ചും ഷേർളിയുടെ സഹോദരിമാർ പെരിഞ്ഞനം പഞ്ചായത്ത് കേന്ദ്രീകരിച്ചും പ്രചാരണം നടത്തി.
ജനങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും വിജയം സുനിശ്ചിതമാണെന്നും ഷേർളി പറഞ്ഞു. ചികിത്സയ്ക്ക് ശേഷം വിശ്രമത്തിൽ കഴിയുന്ന സ്ഥാനാർത്ഥി ബെന്നി ബെഹനാൻ ഇന്നു മുതൽ പ്രചരണത്തിനിറങ്ങുമെന്നും ഷേർളി കൂട്ടിച്ചേർത്തു. നേതാക്കളായ സജയ് വയനപ്പിള്ളി, ഉമറുൽ ഫാറൂഖ്, പി.കെ. ഹംസ, പി.എ. മുഹമ്മദാലി, എ.കെ. ജമാൽ, പി.എ. സഗീർ, ലൈല മജീദ്, പി.ഡി. സജീവ്, സി.ജെ. പോൾസൺ, സെയ്തു ഹാജി, കെ.എഫ്. ഡൊമനിക്ക്, മാണി ഉല്ലാസ്, കെ.കെ. അഫ്‌സൽ, സുരേഷ് കൊച്ചുവീട്ടിൽ തുടങ്ങിയ നേതാക്കൾ ഷേർളിയോടൊപ്പം ഉണ്ടായിരുന്നു.