ഗുരുവായൂർ: തീരേദേശത്തിന്റെ മണ്ണിൽ ആവേശത്തിന്റെ അലകടൽ തീർത്തുകൊണ്ട് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപന്റെ പര്യടനം. ഇന്നലെ പുലർച്ചെ അഞ്ചിന് ബ്ലാങ്ങാട് കടപ്പുറത്തും ചാവക്കാട് മീൻ മാർക്കറ്റിലും വോട്ട് ചോദിച്ചുകൊണ്ടായിരുന്നു പ്രചാരണത്തിന് തുടക്കം. മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ അറിഞ്ഞും അന്വേഷിച്ചും മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ പ്രസിഡന്റ് കൂടിയായ സ്ഥാനാർത്ഥി അവരോട് വോട്ടഭ്യർത്ഥിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ്, കെ. അസീസ്, സെയ്തുമുഹമ്മദ്, ഷാനവാസ്, വീരമണി കെ.വി, സി. മുഷ്താഖലി എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഏങ്ങണ്ടിയൂർ എം.ഇ.എസ് പരിസരത്ത് നടന്ന റോഡ് ഷോ പര്യടന ഉദ്ഘാടന ചടങ്ങിൽ ജലീൽ വലിയകത്ത്, പീതാംബരൻ, കെ.എ. നവാസ്, സിദ്ദിഖ് ആർ.എം, ഇർഷാദ് ചേറ്റുവ എന്നിവർ സംബന്ധിച്ചു.
ചിപ്ലിമാട് കുടിവെള്ള സമരം നടക്കുന്ന സമരപ്പന്തൽ സന്ദർശിച്ച സ്ഥാനാർത്ഥി തീരദേശത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ഒപ്പമുണ്ടാകുമെന്ന് ഉറപ്പു നൽകി. ഏങ്ങണ്ടിയൂർ, ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിലും ചാവക്കാട്, ഗുരുവായൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലും പ്രതാപൻ ഇന്നലെ പര്യടനം നടത്തി.