പുതുക്കാട്: ദേശീയപാതയിൽ അപകടമുണ്ടാക്കിയ ശേഷം നിറുത്താതെ പോയ സംഭവത്തിൽ പുതുക്കാട് പൊലീസ് ഡോ. സംഗീത് ചെറിയാന്റെ മൊഴിയെടുത്തു വിട്ടയച്ചു. ഇന്നലെ വൈകീട്ടാണ് പുതുക്കാട് സ്റ്റേഷനിൽ ഡോക്ടർ ഹാജരായത്. തുടർന്ന് എസ്.ഐ മൊഴി രേഖപ്പെടുത്തി. ഡോക്ടറുടെ മൊഴിയും അന്വേഷണ സംഘത്തിന്റെ നിഗമനങ്ങളും പരിശോധിച്ച ശേഷമേ അറസ്റ്റ് നടപടികളുണ്ടാകൂവെന്ന് പുതുക്കാട് എസ്.എച്ച്.ഒ സി.ജെ മാർട്ടിൻ പറഞ്ഞു. കാറോടിച്ചിരുന്ന എറണാകുളം സ്വദേശി ഡോ. സംഗീത് ചെറിയാന്റെ പേരിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ന്യൂറോ സർജനായ ഡോ. സംഗീതിന്റെ കാറിടിച്ച് തമിഴ്‌നാട് വീഴുപുരം സ്വദേശി ശശികുമാറാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം. ഫോറൻസിക് പരിശോധനയിൽ കാറിൽ നിന്ന് മരിച്ചയാളുടേതെന്ന് കരുതുന്ന രക്തത്തിന്റെ അംശം കണ്ടെത്തിയിരുന്നു. കളമശ്ശേരിയിലെ ഷോറൂമിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്.