ഗുരുവായൂർ: വിഷുക്കണി ദർശിക്കാൻ ഗുരുവായൂരിൽ വൻ ഭക്തജനതിരക്ക്. വിഷുക്കണി ദർശിക്കുന്നതിനായി ഇന്നലെ സന്ധ്യയോടെ തന്നെ ഭക്തർ വരിയിൽ സ്ഥാനം പിടിച്ചു തുടങ്ങി. അത്താഴപൂജ കഴിഞ്ഞ് ക്ഷേത്രനട അടച്ചതോടെ നിര കൂടുതൽ നീണ്ടു. ഇന്ന് പുലർച്ചെ വിഷുക്കണി ദർശനത്തിനായി ക്ഷേത്ര ഗോപുരവാതിൽ തുറക്കുമ്പോൾ ആദ്യം തന്നെ ദർശനം ലഭിക്കുന്നതിനായാണ് ഭക്തർ ഇന്നലെ തന്നെ വരിയിൽ സ്ഥാനം ഉറപ്പിച്ചത്.

പുലർച്ചെ 2.34 മുതൽ 3.34 വരെയുള്ള സമയത്താണ് ക്ഷേത്രത്തിൽ വിഷുക്കണി ദർശനം. ഇന്നലെ രാത്രി അത്താഴപ്പൂജയും അവസാനചടങ്ങായ തൃപ്പുകയും കഴിഞ്ഞാണ് ശ്രീലകത്ത് വിഷുക്കണി ഒരുക്കിയത്. മൂലവിഗ്രഹത്തിന്റെ വലതുഭാഗത്ത് മുഖമണ്ഡപത്തിൽ ഗുരുവായൂരപ്പന്റെ ശീവേലിത്തിടമ്പും ഉരുളിയിൽ ഉണങ്ങല്ലരി, ഗ്രന്ഥം, അലക്കിയ വസ്ത്രം, വാൽക്കണ്ണാടി, കണിക്കൊന്ന, സ്വർണ്ണം, പുതുപ്പണം, ചക്ക, മാങ്ങ, വെള്ളരി, നാളികേരം എന്നിവയാണ് കണിക്കോപ്പുകൾ. മേൽശാന്തി പൊറ്റക്കുഴി കൃഷ്ണൻ നമ്പൂതിരിയാണ് പുലർച്ചെ 2.15ന് ശ്രീലകത്ത് പ്രവേശിച്ച് ആദ്യം ഗുരുവായൂരപ്പനെ കണികാണിക്കുക.

കണി കാണും വരെ തൂവാല, തോർത്ത് എന്നിവയാൽ കണ്ണ് മൂടിക്കെട്ടി ഭക്തർ കാത്തിരിക്കും. വിഷു സംക്രമ ദിനമായ ഇന്നലെ ക്ഷേത്രത്തിൽ ദർശനത്തിന് വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ന് ക്ഷേത്രത്തിൽ സമ്പൂർണ നെയ്‌വിളക്കാണ്. ഗുരുവായൂർ സ്വദേശി തെക്കുമുറി ഹരിദാസിന്റെ വക വഴിപാടായാണ് വിഷുവിളക്കാഘോഷം. മേളത്തിന്റെ അകമ്പടിയിലാണ് എഴുന്നള്ളിപ്പ്. രാത്രിവിളക്കിന് ഗുരുവായൂരപ്പൻ എഴുന്നള്ളുമ്പോൾ ആയിരക്കണക്കിന് ദീപങ്ങൾ നറുനെയ്യിൽ തെളിയും...