തൃശൂർ : ഓർമ്മയുണ്ടോ ഈ മുഖം, ഓർമ്മ കാണില്ല, ക്ലാസ് ഡയലോഗ് പിറന്നിട്ട് കാൽനൂറ്റാണ്ട്. സുരേഷ് ഗോപി നായകനായ കമ്മിഷണർ എന്ന സിനിമയിലെ ആ ഡയലോഗ് ഇന്നും മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുകയാണ്. രഞ്ജി പണിക്കർ - ഷാജി കൈലാസ് ടീമിന്റെ ചിത്രമായ കമ്മിഷണറിന്റെ ഇരുപത്തഞ്ചാം വയസ് തികയുമ്പോൾ ആഘോഷം ഒളരി പുല്ലഴിയിലെ സെന്റ് ജോസഫ് ഹോമിൽ നടന്നു. 25ാം വാർഷികാഘോഷം ഫാൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചു.
സുരേഷ് ഗോപിയുടെ പൊലീസ് കഥാപാത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ ഒന്നായിരുന്നു കമ്മിഷണറിലെ ഭരത്ചന്ദ്രൻ ഐ.പി.എസ്. അയാം ഭരത്ചന്ദ്രൻ ജസ്റ്റ് റിമംബർ ദാറ്റ് എന്ന ഡയലോഗും അന്ന് പോപ്പുലറായി. മിമിക്രി വേദികളിൽ പലരും സുരേഷ് ഗോപിയെ ഏറ്റവും കൂടുതൽ അനുകരിച്ചിട്ടുള്ളതും ഈ ഡയലോഗുമായാണ്. ആഘോഷത്തിൽ സുരേഷ് ഗോപിക്കൊപ്പം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, സെക്രട്ടറി ഉല്ലാസ് ബാബു എന്നിവരെ കൂടാതെ ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ അർജ്ജുൻ, സുരേഷ്, വിഷ്ണു, റെജി, അഖിൽ വിശ്വനാഥ്, അനീജ്, റൊണാൾഡ് എന്നിവരും ഉണ്ടായിരുന്നു. 20 മിനിറ്റോളം സുരേഷ് ഗോപി അവിടെ ചെലവഴിച്ചു. 1994 ഏപ്രിൽ 14നായിരുന്നു ചിത്രം റീലിസായത്.