കയ്പ്പമംഗലം: കയ്പ്പമംഗലം കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ ഇടയിൽ വോട്ട് അഭ്യർത്ഥനയുമായി ചാലക്കുടി ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റ്. രാവിലെ എട്ടോടെയാണ് കൂരിക്കുഴി കമ്പനിക്കടവ് കടപ്പുറത്ത് ഇന്നസെന്റ് എത്തിയത്. പൂമാലയും പങ്കായവും നൽകി മത്സ്യത്തൊഴിലാളികൾ ഇന്നസെന്റിനെ സ്വീകരിച്ചു. മത്സ്യം ലേലം ചെയ്യുന്നിടത്തെത്തി തൊഴിലാളികളെ കണ്ട് വോട്ടഭ്യർത്ഥിച്ചു. അനിയത്തിപ്രാവ് എന്ന സിനിമയിൽ മത്സ്യത്തൊഴിലാളിയായി അഭിനയിച്ച ഓർമ്മകൾ കടപ്പുറത്തെ തൊഴിലാളികളുമായി പങ്കുവെച്ചു. എല്ലാവർക്കും വിഷു ആശംസകൾ നേർന്നാണ് മടങ്ങിയത്.
ഇന്നസെന്റ് രക്ഷാധികാരിയായ എടമുട്ടത്തെ ആൽഫ പാലിയേറ്റീവ് കെയർ സന്ദർശിച്ചപ്പോൾ ആൽഫ ചെയർമാൻ കെ.എം. നൂർദ്ദീൻ ബൊക്കെ നൽകി സ്വീകരിച്ചു. അവിടത്തെ രോഗികളെയും ജീവനക്കാരെയും കണ്ട് വോട്ടഭ്യർത്ഥിച്ചു. എം.പി ഫണ്ടിൽ നിന്ന് തുക അനുവദിച്ച് നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന എടത്തിരുത്തിയിലെ കടലായിക്കുളം ശുദ്ധജല വിതരണ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം കാണാനും സ്ഥാനാർത്ഥി എത്തി. എടത്തിരുത്തി മുനയം ദ്വീപിലും ഇന്നസെന്റ് എത്തി. പെരിഞ്ഞനം പഞ്ചായത്തിലെ പുളിഞ്ചോട് പടിഞ്ഞാറ് ഭാഗത്ത് സാംസ്‌കാരിക പ്രവർത്തകനും ഭാര്യയും കൂടി ഒരുക്കിയ ഗ്രന്ഥപ്പുര സന്ദർശിക്കാനും ഇന്നസെന്റ് എത്തി. മതിലകം പഞ്ചായത്തിൽ സൗജന്യമായി പി.എസ്.സി. പരീക്ഷയ്ക്ക് പരിശീലനം നല്കുന്ന സെന്ററും ഇന്നസെന്റ് സന്ദർശിച്ചു. ഇ.ടി. ടൈസൺമാസ്റ്റർ എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റുമാരായ ബൈന പ്രദീപ്, ടി.വി. സുരേഷ് , സി.പി.എം നാട്ടിക സെക്രട്ടറി പി.എം. അഹമ്മദ്, എ.വി. സതീഷ്, ബി.എസ് ശക്തിധരൻ തുടങ്ങിയവരും ഉണ്ടായിരുന്നു...