ഇരിങ്ങാലക്കുട: മതേതര ഇന്ത്യയെ തിരികെ കൊണ്ടുവരാൻ കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തണമെന്നും, എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ ഇടത് സർക്കാർ കേരള ജനതയെ പ്രളയത്തിൽ മുക്കിയെന്നും കോൺഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ ആചാരം സംരക്ഷിക്കുമെന്നും സുപ്രീം കോടതിയെ കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുമെന്നും പ്രധാനമന്ത്രി ഇപ്പോഴല്ല പറയേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയുടെ പേരിൽ വിശ്വാസികൾക്കെതിരായ നിലപാട് പിണറായി സർക്കാർ സ്വീകരിച്ചപ്പോൾ കേന്ദ്ര സർക്കാർ മിണ്ടിയില്ല. വേണമെങ്കിൽ കേന്ദ്രസർക്കാറിന് ഓർഡിനൻസ് ഇറക്കാമായിരുന്നു. ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകിയ ഏക പ്രസ്ഥാനം കോൺഗ്രസ് മാത്രമാണ്. പണ്ടേ തങ്ങൾ വിശ്വാസികളുടെ കൂടെയാണെന്നും എ.കെ ആന്റണി പറഞ്ഞു. യോഗത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി ജാക്‌സൻ അദ്ധ്യക്ഷനായി. മുൻ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, ഡി.സി.സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, എം.എസ് അനിൽകുമാർ, കെ.കെ. ശോഭനൻ, സോണിയാഗിരി, നഗരസഭ ചെയർപേഴ്‌സൻ നിമ്യാ ഷിജു, ബ്ലോക്ക് പ്രസിഡന്റ് കെ.കെ ജോൺസൻ, ജില്ലാ നേതാക്കളായ ജോസഫ് ചാലിശ്ശേരി, ജോസ് വള്ളൂർ, സി.ഐ സെബാസ്റ്റിയൻ തുടങ്ങിയവർ പങ്കെടുത്തു.