എരുമപ്പെട്ടി: ഗോപിക്കും കുടുംബത്തിനും ഉദ്യമത്തിന്റെ വിഷുക്കൈനീട്ടം. നിർധന കുടുംബത്തിന് എരുമപ്പെട്ടി ഉദ്യമം വാട്‌സ് ആപ് കൂട്ടായ്മ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം ജീവ കാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ നിർവഹിച്ചു. ഒരു വർഷത്തിനുള്ളിൽ ഉദ്യമം സൗജന്യമായി നിർമ്മിച്ച് നൽകുന്ന മൂന്നാമത്തെ വീടാണ് വിഷു ദിനത്തിൽ സമർപ്പിച്ചത്.
വേലൂർ തയ്യൂർ തെക്കൂട്ട് ഗോപിയും കുടുംബവും ഷീറ്റമേഞ്ഞ ഒറ്റമുറി കുടിലിലാണ് കഴിഞ്ഞിരുന്നത്. രോഗിയായ ഗോപിയും ഭാര്യയും ചെറിയ രണ്ട് മക്കളും അടങ്ങുന്ന ഈ നിർധന കുടുംബത്തിന് മഴക്കാലത്ത് ചോർന്നൊലിക്കാതേയും അടച്ചുറപ്പോടെ സുരക്ഷിതമായി താമസിക്കാനും ഒരു വീട് വേണമെന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കുകയായിരുന്നു. ഇവരുടെ ജീവിത ദുരിതം കണ്ടറിഞ്ഞ ഉദ്യമം ഇവർക്ക് വീട് നിർമ്മിച്ച് നൽകാൻ മുന്നിട്ടിറങ്ങുകയായിരുന്നു. ഇതിനായി ജനപ്രതിനിധികളേയും പൊതുപ്രവർത്തകരേയും ഉൾപ്പെടുത്തി ഒരു പ്രാദേശിക കമ്മിറ്റിക്ക് രൂപം നൽകി പ്രവർത്തനം തുടങ്ങി. പൊതു ധനസമാഹരണം നടത്തുന്നതിന് പകരം ഉദ്യമം അംഗങ്ങളും സുഹൃത്തുക്കളും പണവും നിർമ്മാണ സാമഗ്രികളും നൽകി വീട് നിർമ്മാണത്തിൽ സ്വയം പങ്കാളികളാവുകയായിരുന്നു. ഉദ്യമം അംഗങ്ങളായ തൊഴിലാളികൾ കൂലി വാങ്ങാതെ നിർമ്മാണ പ്രവർത്തികൾ ചെയ്തതും വലിയ സഹായമായി മാറി. നെല്ലുവായ് കൂത്ത് മഹോത്സവ കമ്മിറ്റി, തയ്യൂർ സർവീസ് സഹകരണ ബാങ്ക്, എരുമപ്പെട്ടി പ്രതിഭ കോളേജ് പ്രീഡിഗ്രി 98 ബാച്ചിലെ ഫോർത്തു ഗ്രൂപ്പ് കൂട്ടായ്മ തുടങ്ങി വിവിധ സംഘടനകളും സഹായങ്ങൾ നൽകി.
പ്രാദേശിക കൂട്ടായ്മകൾ നൻമകൾക്കായ് ഒന്നിക്കുമ്പോൾ നിരാശ്രയർക്കും ദുരിതബാധിതർക്കും പുതിയൊരു ജീവിതമാണ് ലഭിക്കുന്നതെന്നും, പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് വെളിച്ചമേകാൻ ഉദ്യമത്തെ മാതൃകയാക്കി കൂട്ടായ്മകൾ രൂപീകരിക്കപ്പെടണമെന്നും താക്കോൽ ദാനം നിർവഹിച്ച് ഫിറോസ് കുന്നുംപറമ്പിൽ പറഞ്ഞു. ഉദ്യമം ചീഫ് കോഡിനേറ്റർ സുധീഷ് പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ, മാദ്ധ്യമ, സാമൂഹിക പ്രവർത്തകൻ റഷീദ് എരുമപ്പെട്ടി, ജനപ്രതിനിധികളായ എൻ.ഡി. സിമി, മുരളി, വി.സി. ബിനോജ്, പി.ആർ. വേലുക്കുട്ടി, എൽ.സി ഔസേഫ്, ഉദ്യമം കോഡിനേറ്റർമാരായ കെ.ആർ. ഗിരീഷ്, അഡ്വ.വി.പി. മഹേശ്വരൻ, മേജർ കെ.പി. ജോസഫ്, കെ.എ. പരീത്, നിർമ്മാണ കമ്മിറ്റി ഭാരവാഹികളായ പി.എൻ. അനിൽ മാസ്റ്റർ, എൻ.ബി. സരേഷ് തുടങ്ങിയവർ പങ്കെടുത്തു.