ചാവക്കാട്: താലൂക്ക് ഓഫീസിന് മുന്നിലെ ഓല കൊണ്ട് കെട്ടിയിട്ടുണ്ടാക്കിയ മനോഹരമായ ചെറിയ ഷെഡ്, മുന്നിൽ റാന്തൽ കെട്ടി തൂക്കിയിരിക്കുന്നു. മുൻഭാഗം ചെടികൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ചെറിയൊരു തട്ടുകട പോലെ. ഷെഡിനുള്ളിൽ കടക്കുന്നവർ ആദ്യമൊന്ന് ഞെട്ടും. നിരത്തിയിട്ട മേശകൾക്ക് മുകളിൽ വോട്ടിംഗ് മെഷീൻ അടക്കമുള്ള സാമഗ്രികൾ നിരത്തി വച്ചിരിക്കുന്നു. ഇവിഎംവി വി പാറ്റ് യന്ത്രങ്ങൾ വഴി വോട്ട് ചെയ്യുന്നതിലെ സംശയങ്ങൾ ദൂരീകരിക്കാൻ ചാവക്കാട് താലൂക്കിൽ ആരംഭിച്ച ഹരിത മാതൃക ബൂത്താണിത്.
ഇവിഎംവി വി പാറ്റ് എന്ന പേര് കേട്ട് കണ്ണ് തള്ളിയിരിക്കുന്നവരടക്കം വോട്ടിംഗ് രീതിയെ കുറിച്ച് സംശയമുള്ള ആർക്കും ഈ ഹരിത മാതൃക ബൂത്തിലേക്ക് കടന്നു വരാം. സംശയങ്ങൾ ചോദിച്ചറിയാം. ബൂത്തിലെത്തുന്നവരുടെ വോട്ട് ചെയ്യുന്നതിനെ കുറിച്ചുള്ള എന്ത് സംശയങ്ങളും തീർക്കാൻ ചാവക്കാട് തഹസിൽദാർ കെ.വി. ആംബ്രോസിന്റെ മേൽ നോട്ടത്തിൽ താലൂക്ക് ഓഫീസിലെ ജീവനക്കാർ ഇവിടെയുണ്ട്. വോട്ട് ചെയ്യുന്ന രീതിയും ഉദ്യോഗസ്ഥർ കാണിച്ചു നൽകും. ഇന്നലെ രാവിലെ ജില്ലാ കളക്ടർ ടി.വി. അനുപമയാണ് ഹരിത ബൂത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടനത്തിന് ശേഷം ജീവനക്കാർ തന്നെ വോട്ട് ചെയ്യുന്ന രീതി കാണിച്ചു നൽകി. നിരവധി പേരാണ് ആദ്യ ദിനം തന്നെ ഹരിത മാതൃക ബൂത്ത് സന്ദർശിച്ച് സംശയങ്ങൾ ദൂരീകരിച്ചത്. തിരഞ്ഞെടുപ്പിന് തലേ ദിവസം വരെ 24 മണിക്കൂറും ഹരിത ബൂത്ത് പ്രവർത്തിക്കുമെന്ന് തഹസിൽദാർ കെ.വി. ആംബ്രോസ് പറഞ്ഞു.