വാടാനപ്പിള്ളി: ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ 'ചിപ്‌ളിമാഡ് പ്രദേശത്ത് വർഷങ്ങളായി കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് പ്രദേശവാസികൾ നടത്തി വരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ മിഷൻ കേരള വാട്ടർ അതോറിറ്റി തളിക്കുളം ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ഒഴിഞ്ഞ കുടങ്ങളും ബക്കറ്റുകളുമായി പൊരിവെയിലത്ത് കുട ചൂടിക്കൊണ്ട് നടത്തിയ ധർണ്ണയിൽ ജില്ലാ പ്രസിഡന്റ് കുന്നത്ത് മനോജ് അദ്ധ്യക്ഷനായി. മുരളി നാരായണൻ ഉദ്ഘാടനം ചെയ്തു. ഹരി തൃത്തല്ലൂർ, വിനയൻ തോപ്പിൽ, ഷീബ എ.ബി, ആമിനക്കുട്ടി, ശിവാനന്ദൻ ഷീല സുകുമാരൻ, സമരസമിതി നേതാക്കളായ വാസു, നിഷ ജയ്‌സിംഗ്, ജയാ ശക്തൻ എന്നിവർ സംസാരിച്ചു. ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ കുടിവെള്ള വിഷയത്തിൽ അധികൃതർ നിസംഗത അവസാനിപ്പിക്കണമെന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ചിപ്‌ളിമാട്ടിലെ ജനകീയ സമരപ്പന്തൽ എം.എൽ.എ ഉൾപ്പെടെയുള്ളവർ സന്ദർശിക്കണമെന്നും യു.ഡി.എഫ് നേതാക്കളായ ഇർഷാദ് കെ. ചേറ്റുവ, എ.ബി ബൈജു, സുമയ്യ സിദ്ദിക്ക് എന്നിവർ ആവശ്യപ്പെട്ടു.