പുതുക്കാട്: വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ പുതുക്കാടുള്ള ക്യാമ്പ് ഓഫീസിൽ കവർച്ച. മുപ്ലിയം റോഡിലുള്ള പഴയ ഇരുനില വാടക വീടാണ് ക്യാമ്പ് ഓഫീസായി പ്രവർത്തിക്കുന്നത്. ഓട് പൊളിച്ച് അകത്തെത്തിയ മോഷ്ടാവ് ഓഫീസായി പ്രവർത്തിക്കുന്ന തട്ടിട്ട മുറിയുടെ താഴ് തകർത്താണ് അകത്തു കയറിയിട്ടുള്ളത്.
അലമാരയും മേശകളും തുറന്ന് ഫയലുകൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. പിറകുവശത്തുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന ഗോവണി കൊണ്ടുവന്ന് ഓടിൻ മുകളിൽ കയറി ഓട് പൊളിച്ചുമാറ്റി മുറിയിലേക്ക് ഊർന്നിറങ്ങുകയായിരുന്നു. തിങ്കളാഴ്ച ഉച്ചത്തിരിഞ്ഞ് മൂന്ന് വരെ മന്ത്രിയും ഗൺമാനും ഓഫീസിൽ ഉണ്ടായിരുന്നു. ഇന്നലെ രാവിലെ എട്ടോടെ വീട്ടുടമ പറമ്പ് നനയ്ക്കാൻ എത്തിയപ്പോൾ ഗോവണി പുറത്തിരിക്കുന്നതും ഓട് ഇളക്കി മാറ്റിയതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രിയുടെ സെക്രട്ടറിയെ ഫോണിൽ ബന്ധപ്പെട്ടു.
സെക്രട്ടറി എത്തി മോഷണമാണെന്ന് സ്ഥിരീകരിച്ചു. ജില്ലാ റൂറൽ പൊലീസ് സൂപ്രണ്ട് കെ.പി. വിജയകുമാർ, ചാലക്കുടി ഡിവൈ.എസ് പി: ലാൽജി പുതുക്കാട് സർക്കിൾ ഇൻസ്‌പെക്ടർ സി.ജെ. മാർട്ടിൻ, എസ്.ഐ: മണികണ്ഠൻ, എന്നിവർ സ്ഥലത്തെത്തി. പൊലിസ് നായയും, വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. വിരലടയാള വിദഗ്ദ്ധരായ ശ്രീജ എസ്. നായർ, എസ്. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ വിരലടയാളങ്ങൾ ശേഖരിച്ചു. മണം പിടിച്ച പൊലീസ് നായ ഹണി വീടിനു പിറകുവശത്തുകൂടെ ഓടി സമീപത്തെ ബസ് സ്റ്റോപ്പിൽ എത്തി നിന്നു.
മാളയിലും ചാലക്കുടിയിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കവർച്ചയ്ക്കു പുറകെ മന്ത്രിയുടെ ഓഫീസിലും നടത്തിയ കവർച്ച ശ്രമം പൊലിസിന് തലവേദനയാകുന്നുണ്ട്. മന്ത്രിയുടെ ഓഫീസിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സംഭവം അറിഞ്ഞ് മന്ത്രി സി. രവീന്ദ്രനാഥ്, സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, ഏരിയ സെക്രട്ടറി ടി.എ. രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ, കെ.ജെ. ഡിക്‌സൺ, പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ, നിരവധി പാർട്ടി പ്രവർത്തകരും സ്ഥലത്തെത്തി.