തൃശൂർ: ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ കൈപ്പത്തി ചിഹ്നത്തിന് വലിപ്പക്കുറവ് എന്നാരോപിച്ച് യു.ഡി.എഫ് പ്രതിഷേധം. ജില്ലാ കോൺഗ്രസ് നേതൃത്വം കളക്ടർക്ക് പരാതി നൽകി. തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിലെ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രത്തിൽ ഒല്ലൂർ നിയോജക മണ്ഡലത്തിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സ്ഥാനാർത്ഥി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ പരിശോധിക്കുമ്പോഴാണ് കൈപ്പത്തി ചിഹ്നത്തിന്റെ വലിപ്പക്കുറവ് ശ്രദ്ധയിൽപ്പെട്ടത്.
മറ്റ് സ്ഥാനാർത്ഥി ചിഹ്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൈപ്പത്തിക്ക് വലിപ്പക്കുറവ് ശ്രദ്ധയിൽപ്പെടുമ്പോൾ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും പ്രതിഷേധിച്ചു. തുടർന്ന് യു.ഡി.എഫ് ഒല്ലൂർ നിയോജക മണ്ഡലം കൺവീനർ എം.എ. അസീസ് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർക്കും മുഖ്യ വരണാധികാരിയായ ജില്ലാ കളക്ടർക്കും പരാതി നൽകി. പരാതിക്ക് അടിസ്ഥാനമായ കാര്യങ്ങൾ തിരഞ്ഞെടുപ്പ് ഹാൻഡ് ബുക്കുമായി ഒത്തുനോക്കി പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽ കൊണ്ടുവരാമെന്ന് കളക്ടർ പറഞ്ഞതായും അതുവരെ തങ്ങളുടെ പരാതി നിലനിൽക്കുമെന്നും യു.ഡി.എഫ് ചീഫ് ഇലക്ഷൻ ഏജന്റ് ഒ. അബ്ദുറഹ്മാൻകുട്ടി പറഞ്ഞു.