തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിനായി തൃശൂർ മണ്ഡലത്തിലെ 1258 പോളിംഗ് ബൂത്തുകളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മിഷനിംഗ് നടത്തി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ ബാലറ്റ് പേപ്പർ സീൽ ചെയ്യുന്ന കമ്മിഷനിംഗ് പ്രകിയ രാവിലെ എട്ട് മുതൽ സഹ വരണാധികാരികളുടെ നേതൃത്വത്തിൽ ഏഴ് കേന്ദ്രങ്ങളിലായാണ് നടത്തിയത്. ഗുരുവായൂർ മണ്ഡലത്തിലെ കമ്മിഷനിംഗ് ചാവക്കാട് എം.ആർ. രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തി. മണലൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂൾ, ഒല്ലൂർ, തൃശൂർ, നാട്ടിക ഗവ. എൻജിനിയറിംഗ് കോളേജ്, തൃശൂർ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ആഡിറ്റോറിയം, ഇരിങ്ങാലക്കുട, പുതുക്കാട് സെന്റ് ജോസഫ്‌സ് കോളേജ് ആഡിറ്റോറിയം, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലും കമ്മിഷനിംഗ് നടത്തി.
തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ നടന്ന കമ്മിഷനിംഗിൽ പൊതുനിരീക്ഷകൻ പി.കെ. സേനാപതി പങ്കെടുത്തു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ടി.വി. അനുപമ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. കനത്ത പൊലീസ് സുരക്ഷയിൽ വിവിധ സ്ഥാനാർഥികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലാണ് കമ്മിഷനിംഗ് നടന്നത്. പ്രത്യേകം സജ്ജീകരിച്ച ഹാളുകളിൽ പതിനഞ്ചോളം ടീമുകളായി തിരിഞ്ഞാണ് വോട്ടിംഗ് മെഷീനുകൾ തയ്യാറാക്കിയത്.
തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ നേരത്തെ പൂർത്തിയാക്കുന്നതിനാണ് 17ന് നടത്താൻ നിശ്ചയിച്ച കമ്മിഷനിംഗ് നേരത്തെയാക്കിയത്. ഇതോടെ ജില്ലയിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയായി. 22ന് പോളിംഗ് സാമഗ്രികൾ വിതരണം ചെയ്ത ശേഷം പോളിംഗ് ഉദ്യോഗസ്ഥരെ അതത് ബൂത്തുകളിലെത്തിക്കും. 23നാണ് വോട്ടെടുപ്പ്.