gvr-temple-vishu-kazhcha-
വിഷുദിനത്തിൽ ക്ഷേത്രത്തിൽ നടന്ന കാഴ്ച്ച ശീവേലി

ഗുരുവായൂർ: വിഷുക്കണി ദർശിച്ച് സായൂജ്യമടയാൻ ഗുരുവായൂരിൽ വൻ ഭക്തജനതിരക്ക്. ഞായറാഴ്ച രാത്രിയോടെ തന്നെ വിഷുക്കണി കാണാനുള്ളവരുടെ തിരക്ക് ക്ഷേത്ര നഗരിയിൽ പ്രകടമായി. മൂലവിഗ്രഹത്തിന്റെ വലതുഭാഗത്ത് മുഖമണ്ഡപത്തിലായിരുന്നു കണി ഒരുക്കിയത്.

ഗുരുവായൂരപ്പന്റെ ശീവേലിത്തിടമ്പും ഉരുളിയിൽ ഉണങ്ങല്ലരി, ഗ്രന്ഥം, അലക്കിയ വസ്ത്രം, വാൽക്കണ്ണാടി, കണിക്കൊന്ന, സ്വർണ്ണം, പുതുപ്പണം, ചക്ക, മാങ്ങ, വെള്ളരി, നാളികേരം എന്നിവയുമായിരുന്നു കണിക്കോപ്പുകൾ. മേൽശാന്തി കൃഷ്ണൻ നമ്പൂതിരിയാണ് ഞായറാഴ്ച പുലർച്ചെ ശ്രീലകത്ത് പ്രവേശിച്ച് ആദ്യം ഗുരുവായൂരപ്പനെ കണി കാണിച്ചത്. തുടർന്ന് കാത്തു നിന്ന ഭക്തർക്ക് കണികാണാൻ അവസരമൊരുക്കി. കണി കാണും വരെ തൂവാല, തോർത്ത് എന്നിവയാൽ കണ്ണ് മൂടിക്കെട്ടി ഭക്തർ കാത്തു നിൽപ്പുണ്ടായിരുന്നു.
വിഷുദിവസം ക്ഷേത്രത്തിൽ സമ്പൂർണ നെയ്‌വിളക്കായിരുന്നു തെളിഞ്ഞത്. ഗുരുവായൂർ സ്വദേശി തെക്കുമുറി ഹരിദാസിന്റെ വക വഴിപാടായായിരുന്നു വിഷുവിളക്കാഘോഷം. രാത്രിവിളക്കിന് മേളത്തിന്റെ അകമ്പടിയിൽ ഗുരുവായൂരപ്പൻ എഴുന്നള്ളുമ്പോൾ ആയിരക്കണക്കിന് ദീപങ്ങൾ നറുനെയ്യിൽ തെളിയുന്നത് കാണാനും ഭക്തജനതിരക്കേറെയുണ്ടായി. വിഷു ദിവസം നടന്ന വിഷു സദ്യയിലും പതിനായിരങ്ങൾ പങ്കെടുത്തു.