തൃശൂർ: ഇടതുപക്ഷത്തിന് എതിരെയുള്ള മുഴുവൻ പേരെയും ഒന്നിപ്പിക്കാനാണ് രാഹുലും മോദിയും കേരളത്തിൽ നോക്കുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. പ്രസ് ക്ലബിന്റെ 'രാഷ്ട്രീയം പറയാം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസുകാർ എപ്പോൾ ബി.ജെ.പിയാകും എന്നറിയില്ല. ബി.ജെ.പിക്ക് സഹായകരമായാണ് യു.ഡി.എഫും പ്രവർത്തിക്കുന്നത്. ദേശീയതലത്തിൽ മോദി വിരുദ്ധ ഐക്യനിരയുണ്ടാക്കാൻ കഴിയാത്ത അവസ്ഥയാണ്. ഓരോ സംസ്ഥാനത്തും പ്രാദേശികസഖ്യം എന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. ബി.ജെ.പിക്ക് എതിരെ മറ്റാർക്കും വോട്ട് ചെയ്യുമെന്നാണ് സി.പി.എം നയം. കേന്ദ്രത്തിൽ ബി.ജെ.പി വിരുദ്ധ സർക്കാരുണ്ടാക്കാൻ എല്ലാശ്രമവും നടത്തും.
ബി.ജെ.പിക്ക് പ്രചാരണത്തിൽ മേധാവിത്വം കിട്ടുന്നതിനെ അതീവജാഗ്രതയോടെ കാണും. അത് അതിജീവിക്കാൻ തക്ക പ്രവർത്തനം നടത്തുന്നുണ്ട്. വലിയ തോതിൽ കോർപറേറ്റുകളുടെ പണം സ്വീകരിച്ചാണ് അത്തരം ആഘോഷങ്ങൾ ബി.ജെ.പി നിലനിറുത്തുന്നത്. കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. യു.ഡി.എഫും ബി.ജെ.പിയും കോലീബി സഖ്യത്തിലാണ്. കോൺഗ്രസുകാർക്ക് ചെന്നുകയറാനുള്ള സ്ഥലം ബി.ജെ.പി നൽകും. മൃദുഹിന്ദുത്വമെന്നതാണ് കോൺഗ്രസ് ശൈലി. ആലത്തൂരിലെ സ്ഥാനാർത്ഥി രമ്യയെ വിമർശിച്ചതു രാഷ്ട്രീയനിലപാട് പറയുക എന്നതിലൂന്നിയായിരുന്നു. തമിഴ്‌നാട്ടിൽ ഡി.എം.കെ മുന്നണിയിൽ കോൺഗ്രസ് ജൂനിയർ പാർട്‌നറാണ്. രാഹുലിന്റെ പടം വച്ചു സി.പി.എം വോട്ടുതേടുന്നത് ഒക്കെ അവിടെ പ്രാദേശികമായി നടക്കുന്നതാണ്. അതിൽ പ്രത്യേകിച്ച് ഒന്നുമില്ലെന്നും വിജയരാഘവൻ പറഞ്ഞു.