തൃശൂർ: കേരളത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് നൽകിയ കോടികളുടെ കണക്കുകൾ നിരത്തി അമിത് ഷാ. മോദി സർക്കാർ കേരളത്തിന് നൽകിയ സഹായങ്ങളുടെ കണക്കുകൾ നിരത്തിക്കൊണ്ടായിരുന്നു ബി.ജെ.പി അഖിലേന്ത്യ അദ്ധ്യക്ഷൻ അമിത് ഷാ തൃശൂരിൽ പ്രസംഗം ആരംഭിച്ചത്. തൃശൂർ ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ദേശീയപാതാ വികസനത്തിന് 64000 കോടി രൂപയാണ് നൽകിയത്. വിഴിഞ്ഞം തുറമുഖം, പാത ഇരട്ടിപ്പിക്കൽ, ഗ്രമീണ റോഡ് വികസനം, പ്രധാനമന്ത്രി ഉജ്ജ്വൽ യോജന, പാലക്കാട് ഐ.ഐ.ടി, പാലക്കാട് ഫുഡ് പാർക്ക്, തുടങ്ങി കോടികളാണ് സംസ്ഥാനത്തിന് മോദി നൽകിയത്. എന്നാൽ സംസ്ഥാനം ഭരിക്കുന്ന പിണറായി സർക്കാർ ഈ തുക ഫലപ്രദമായി വിനിയോഗിക്കുന്നതിൽ പരാജപ്പെട്ടതായി അമിത് ഷാ കുറ്റപ്പെടുത്തി.

യു.പി.എ സർക്കാരിന്റെ കാലത്ത് 45,393കോടി രൂപയാണ് പതിമൂന്നാം ധനകാര്യകമ്മിഷൻ കേരളത്തിന് അനുവദിച്ചത്. എൻ.ഡി.എ ഭരണകാലത്ത് പതിനാലാം ധനകാര്യകമ്മിഷൻ കേരളത്തിന് നൽകിയത് 1,98,155കോടി രൂപയാണെന്നും അമിത് ഷാ പറഞ്ഞു. വി. മുരളീധരൻ എം.പി, കെ.വി. സദാനന്ദൻ, എം.ടി. രമേശ്, കെ.പി. ശ്രീശൻ, സ്ഥാനാർത്ഥി സുരേഷ് ഗോപി. അഖിലേന്ത്യ സെക്രട്ടറി സത്യപാൽ, എം.എസ്. സമ്പൂർണ്ണ, ബി. ഗോപാലകൃഷ്ണൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.എൻ. ഉണ്ണിരാജൻ, സുരേന്ദ്രൻ ഐനിക്കുന്നത്ത്, കെ.കെ. അനീഷ്‌കുമാർ, കെ.പി. ജോർജ്ജ്, അഡ്വ. ഉല്ലാസ് ബാബു, ഇ.വി. കൃഷ്ണൻ നമ്പൂതിരി, രവികുമാർ ഉപ്പത്ത്, ജസ്റ്റിൻ ജേക്കബ്ബ്, പി. ഗോപിനാഥ്, വിവിധ കക്ഷി നേതാക്കളായ സൈനൂദ്ദീൻ, രാമചന്ദ്രൻ പള്ളത്തേരി, അഗസ്റ്റിൻ, എം.പി. ജോയി എന്നിവർ സംബന്ധിച്ചു. കുട്ടനെല്ലൂർ ഹെലിപാഡിൽ നിന്ന് കാർ മാർഗമാണ് അമിത് ഷാ തൃശൂരിലെ വേദിയിലെത്തിയത്.