social-media

തൃശൂർ: 'വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലെന്താ? വോട്ടുപിടിക്കാൻ ഞങ്ങൾ മുന്നിലുണ്ടല്ലോ...' നാടും വീടും വിട്ട് വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസിയുടെ വാക്കുകളാണിത്. കടലിനക്കരെ നിന്ന് ഇക്കരെയുള്ള വോട്ടു പിടിക്കുകയോ?. അസാധ്യമെന്ന് തോന്നിയേക്കാമെങ്കിലും സാമൂഹികമാദ്ധ്യമങ്ങൾ സജീവമായതോടെ ഈ ന്യൂജനറേഷൻ കാലത്ത് ഇതൊക്കെ എളുപ്പം. കൊടിപിടിക്കാനും വീടുകയറി പ്രചാരണത്തിനിറങ്ങാനും പരസ്യമായി നാലാൾ കാൺകെ ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കാനും പറ്റില്ലെന്നേയുള്ളളു. സൈബർ കമ്യൂണിറ്റികൾ വഴി നാട്ടിലെ വോട്ടർമാരെ സ്വാധീനിക്കാൻ പ്രവാസികൾക്ക് കഴിയുമെന്നാണ് മുഖ്യാധാര രാഷ്ട്രീയപാർട്ടികളുടെ വിലയിരുത്തൽ.

കഴിഞ്ഞ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളുടെ സൈബർ കമ്മ്യൂണിറ്റികളിൽ വോട്ടുപിടിക്കുന്നതിൽ മുന്നിട്ട് നിന്നത് പ്രവാസികളായിരുന്നു. നാട്ടിലെ പത്ത് ശതമാനത്തിലേറെ യുവാക്കൾ ഉൾപ്പെടുന്നവർ പ്രവാസ ജീവിതം നയിക്കുന്നുണ്ടെന്നാണ് കണക്ക്. മുൻതിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് വേണ്ടി സജീവ പ്രവർത്തനത്തിനിറങ്ങിയവരും പ്രാരാബ്‌ധമേറിയപ്പോൾ വിദേശത്തേക്ക് ജോലി തേടി വിമാനം കയറിയവരും ഇക്കൂട്ടത്തിലുണ്ട്. ഇവരുടെ കുടുംബാംഗങ്ങൾ, കൂട്ടുകാർ, അടുത്ത ബന്ധുക്കൾ എന്നിവരുടെ വോട്ട് ചിന്നിച്ചിതറാതെ സ്വന്തം പാർട്ടിയുടെ പെട്ടിയിലെത്തിക്കുകയാണ് ലക്ഷ്യം. സമൂഹമാദ്ധ്യമങ്ങൾ വഴി പ്രവാസികളുടെ കൂട്ടായ്മയൊരുക്കിയാണ് വോട്ടുപിടിത്തം. പ്രവാസികൾക്ക് നാട്ടിലുള്ളവരുമായി എളുപ്പത്തിൽ ഇടപെടാനുള്ള മാർഗം സാമൂഹിക മാദ്ധ്യമങ്ങളാണ്. വാട്‌സ് ആപും ഫേസ്ബുക്കും ട്വിറ്ററും അടക്കമുള്ള സാമൂഹിക മാധ്യമങ്ങളുടെ കൃത്യമായ പൾസറിയുന്നതിൽ മുന്നിൽ പ്രവാസികളാണെന്നാണ് വയ്‌പ്.
വിവിധ പ്രാദേശിക സൈബർ കമ്യൂണിറ്റികളിൽ ഇപ്പോൾത്തന്നെ ഇവർ സജീവമായി കഴിഞ്ഞു. നാട്ടിലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഗൗരവമായി ചർച്ച ചെയ്യുന്നു. സോഷ്യൽ മാധ്യമങ്ങളിൽ അക്കൗണ്ടുള്ള ഭൂരിഭാഗം മലയാളിക്കും വോട്ടഭ്യർത്ഥിച്ച് കൊണ്ടുള്ള ഒരു പോസ്‌റ്റെങ്കിലും ഇതിനുള്ളിൽ വീണിട്ടുണ്ടാകും. ഓരോ നിയമസഭാ മണ്ഡലങ്ങളുടെ പേരിൽ രൂപവത്കരിക്കപ്പെട്ട വാട്‌സ് ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകൾക്കാണ് പ്രചാരണത്തിന്റെ ചുക്കാൻ.

മൂന്നു മുന്നണികളും സജീവം

പ്രവാസി വോട്ടുകൾ പെട്ടിയിലെത്തിക്കാൻ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ വോട്ടർമാരെ പതിവുപോലെ നാട്ടിലെത്തിക്കാനും ശ്രമം നടത്തുന്നുണ്ട്. യു.എ.ഇയിൽ നിന്ന് തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലത്തിൽ വോട്ടു ചെയ്യാൻ പോകുന്നവർക്ക് ഫ്രീ ടിക്കറ്റ് ഒരു പാർട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്. കാസർഗോഡ്, മലപ്പുറം ജില്ലകളിലെ പ്രവാസികൾക്ക് മറ്റൊരു പാർട്ടിയാണ് ഫ്രീ ടിക്കറ്റ് ഓഫർ ചെയ്തിരിക്കുന്നത്. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് പ്രവർത്തിക്കുന്ന പ്രവാസി അസോസിയേഷനുകളും ചില ജില്ലകളിലേക്ക് വോട്ടർമാർക്ക് സൗജന്യ ടിക്കറ്റ് എടുത്തു നൽകുന്നുണ്ട്. വാട്‌സ് ആപ്പ് വഴിയാണ് സൗജന്യ ടിക്കറ്റിനെക്കുറിച്ചുള്ള സന്ദേശം എത്തുന്നത്.