മാള: കുതിരപ്പുറത്തുള്ള കൃഷ്ണയുടെ സാഹസിക യാത്ര ലോകം തിരിച്ചറിഞ്ഞപ്പോൾ കുരുവിലശേരിയിലെ കാളിന്ദി മഠത്തിലേക്ക് അഭിനന്ദന പ്രവാഹം. വ്യത്യസ്തയായ കൃഷ്ണയുടെ യാത്രയ്ക്ക് പിന്തുണയും ആവേശവും പകരാൻ ജില്ലാ പൊലീസ് മേധാവി കാളിന്ദിയിലെത്തി. പൊലീസ് സേനയുടെ പേരിൽ അഭിനന്ദനം അറിയിച്ചപ്പോൾ കൃഷ്ണയും കുടുംബവും തിരിച്ചു നന്ദി പറഞ്ഞു. ഐ.പി.എസ് നേടാനാണ് ആഗ്രഹമെന്ന് കൃഷ്ണ ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചു.
വീടിന്റെ അകത്തിരുന്ന് സംസാരിച്ച ശേഷം ജില്ലാ പൊലീസ് മേധാവി കെ.ആർ. വിജയകുമാർ കൃഷ്ണക്കൊപ്പം കുതിരയുടെ അടുത്തേക്ക് പോയി. കൃഷ്ണയുടെ സാഹസികത സ്ത്രീ ശാക്തീകരണത്തിന് ഉദാഹരണമാണെന്നും സമൂഹത്തിന് പ്രചോദനമാണെന്നും ഇതൊരു വെല്ലുവിളിയായി സ്വീകരിച്ചതിൽ അഭിനന്ദിക്കുന്നതായും ജില്ലാ പൊലീസ് മേധാവി കെ.ആർ. വിജയകുമാർ പറഞ്ഞു. പുരാവസ്തുക്കൾ ശേഖരിക്കുന്ന കൃഷ്ണയുടെ അച്ഛൻ അജയന്റെ ശേഖരം ജില്ലാ പൊലീസ് മേധാവി കണ്ടു.
സാഹസികതയും വെല്ലുവിളിയും ഏറ്റെടുക്കാൻ കഴിയില്ലെന്ന ചിലരുടെ ചോദ്യങ്ങൾക്ക് ചുട്ട മറുപടിയായാണ് കുതിര സവാരി പരിശീലിച്ചതെന്ന് കൃഷ്ണ ജില്ലാ പൊലീസ് മേധാവിയോട് വിശദീകരിച്ചു. യാത്ര ചെയ്യാൻ ഏറ്റവും കൂടുതൽ ഇഷ്ടം സംബന്ധിച്ച് കൃഷ്ണയോട് ആര് ചോദിച്ചാലും ഉത്തരം കുതിരയെന്നായിരിക്കും. സ്‌കൂളിലേക്ക് മാത്രമല്ല, വീട്ടിലേക്കുള്ള സാധനങ്ങൾ, പാൽ എന്നുവേണ്ട എന്ത് വാങ്ങാനും കൃഷ്ണ പോകുന്നത് കുതിരപ്പുറത്താണ്. സ്‌കൂളിൽ പരീക്ഷയ്ക്കും സാധനങ്ങൾ വാങ്ങാനും മാത്രമല്ല നിരവധി യാത്രകൾക്കും കുതിരയെ ഉപയോഗിക്കുന്ന ഈ പെൺകുട്ടിക്ക് അടുത്തിടെ ഒരു പുരസ്കാരം ലഭിച്ചതോടെ താര പരിവേഷമായി.
ചെറിയ പ്രായത്തിൽ റോഡിലൂടെ കുതിര സവാരി നടത്തുന്ന സംസ്ഥാനത്തെ ആദ്യ പെൺകുട്ടിയെന്ന അംഗീകാരമാണ് ലഭിച്ചത്. തിരുവനന്തപുരം കേന്ദ്രമായ ഹോഴ്സ് റൈഡിംഗ് കേരള ക്ലബ്ബ് എന്ന വാട്സ് ആപ് കൂട്ടായ്മയാണ് കൃഷ്ണക്ക് ഈ അംഗീകാരം നൽകിയത്. ഇത്തവണ പത്താം ക്ലാസ് പരീക്ഷയെഴുതാൻ കൃഷ്ണ പോയത് കുതിരപ്പുറത്തായിരുന്നു. വീട്ടിൽ നിന്ന് സ്‌കൂളിലേക്കെന്നല്ല എന്ത് സാധനങ്ങൾ വാങ്ങാൻ പോയാലും അമ്മ ഇന്ദുവിന് ഭയമൊന്നുമില്ല. വീട്ടിലെ കുതിരകളുമായി അത്രയേറെ അടുപ്പത്തിലാണ് ഏക മകളെന്ന് ഇവർക്കറിയാം. മാത്രമല്ല കുതിര സവാരി അഭ്യസിച്ചതോടെ മകൾക്ക് ഉണ്ടായ ആത്മവിശ്വാസം കുരുവിലശേരി സ്വദേശി കാളിന്ദി മഠത്തിലെ അജയനും ഇന്ദുവും തിരിച്ചറിഞ്ഞിട്ടുണ്ട്.