തൃശൂർ: തീരദേശ മേഖലയെ ആവേശത്തിലാഴ്ത്തി സുരേഷ് ഗോപിയുടെ റോഡ് ഷോ. രാവിലെ 8.30ന് ഗുരുവായൂർ മണ്ഡലത്തിൽ കടിക്കാട് ക്ഷേത്ര പരിസരത്തു നിന്നാണ് സുരേഷ് ഗോപി നയിച്ച റോഡ് ഷോ ആരംഭിച്ചത്. ഗുരുവായൂർ, നാട്ടിക, മണലൂർ നിയോജക മണ്ഡലങ്ങളിൽപ്പെടുന്ന തീരദേശ മേഖലകളിൽ കൂടിയാണ് റോഡ് ഷോ സംഘടിപ്പിച്ചത്.

തീരദേശ മേഖലയ്ക്കും മത്സ്യത്തൊഴിലാളികൾക്കും നരേന്ദ്ര മോദി സർക്കാർ ചെയ്ത കാര്യങ്ങൾ സുരേഷ് ഗോപി വിശദീകരിച്ചു. ഏറെ കാലത്തെ ആവശ്യമായിരുന്ന കേന്ദ്ര ഫിഷറീസ് മന്ത്രാലയം എന്ന സ്വപ്‌നം മോദി സർക്കാർ യഥാർത്ഥ്യമാക്കിയതും സുരേഷ് ഗോപി എടുത്തു പറഞ്ഞു. മുൻ സർക്കാരുകളെല്ലാം തന്നെ മത്സ്യത്തൊഴിലാളി മേഖലയിൽ പ്രശ്‌നങ്ങൾ മനസിലാക്കി അതിന് പരിഹാരം കണ്ടെത്തുകയാണ് ചെയ്തത്. വഴി നീളെ നൂറുകണക്കിന് ആളുകളാണ് സുരേഷ് ഗോപിയെ കാണാൻ കാത്തു നിന്നത്.

അകലാട്, ചാവക്കാട് ബീച്ച്, പൊക്കുളങ്ങര, വാടാനപ്പിള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, എന്നിവടങ്ങളിലൂടെ റോഡ് ഷോ സഞ്ചരിച്ച് എടമുട്ടം പാലപ്പെട്ടി ബീച്ചിൽ സമാപിച്ചു. തുറന്ന വാഹനത്തിൽ ഇവർക്കൊപ്പം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്. ജില്ലാ സെക്രട്ടറി ഉല്ലാസ് ബാബു, അനീഷ് മാസ്റ്റർ, സേവ്യൻ പള്ളത്ത് എന്നിവർ ഉണ്ടായിരുന്നു. ഇരുന്നൂറോളം ഇരുചക്ര വാഹനങ്ങളും, നാസിക്‌ഡോളും, ശിങ്കാരിമേളവും ഉൾപ്പടെ വാദ്യങ്ങളും അകമ്പടിയായി.