ചാലക്കുടി: ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പാർട്ടിയായ കോൺഗ്രസ് വയനാട്ടിലെ മത്സരത്തിലൂടെ തെറ്റായ സന്ദേശമാണ് രാജ്യത്തിന് നൽകുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി. ചാലക്കുടി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി ഏറ്റവും ദുർബ്ബലമായ കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്നത് ഏറ്റവും വലിയ തെറ്റാണ്. സംസ്ഥാനത്തെ ഇരുപതു സീറ്റുകളിലും ഇക്കുറി എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കുമെന്നും സി.പി.എം ജനറൽ സെക്രട്ടറി പറഞ്ഞു. രാജ്യത്തിന്റെ മാത്രമല്ല, ആകാശം, ശൂന്യാകാശം എന്നിവയുടെയും കാവൽക്കാരനാണ് താനെന്ന് ഈയിടെ മോഡി പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം ശൂന്യാകാശത്ത് ഇരുന്നോട്ടെ എന്നാണ് ജനങ്ങൾ ഇപ്പോൾ പറയുന്നതെന്നും സീതാറം യെച്ചൂരി തുടർന്നു പറഞ്ഞു.