തൃശൂർ: സുരേഷ് ഗോപിയെ ജനപ്രതിനിധിയായി ലഭിക്കുന്നത് തൃശൂരിന്റെ ഭാഗ്യമെന്ന് നടൻ ബിജു മേനോൻ പറഞ്ഞു. ലുലു കൺവെൻഷൻ സെന്ററിൽ സൗഹൃദ വേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബിജു മേനോൻ. താൻ കണ്ടതിൽ വച്ചേറ്റവും മനുഷ്യ സ്‌നേഹിയായ ഒരാളാണ് സുരേഷ് ഗോപിയെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി തൃശൂർക്കാരനാകുന്നത് തിരുവനന്തപുരത്തിന്റെ നഷ്ടമാണെന്ന് നിർമാതാവ് ജി. സുരേഷ്‌കുമാർ പറഞ്ഞു.
സിനിമാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ സുരേഷ് ഗോപിക്ക് വിജയാശംസകൾ നേരാനെത്തി. കാസർകോട് മുതൽ നെയ്യാറ്റിൻകര വരെ എം.പി എന്ന നിലയിലും വ്യക്തിപരമായും അദ്ദേഹം ചെയ്ത കാരുണ്യ പ്രവർത്തനങ്ങൾ അവർ ഓർത്തെടുത്തു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക, മകൻ ഗോകുൽ തുടങ്ങിയവരും സംഗമത്തിലെത്തി. സെവൻ ആർട്‌സ് വിജയകുമാർ, വിദ്യാധരൻ മാസ്റ്റർ, സന്തോഷ്, നന്ദകിഷോർ, സുധീർ, പ്രിയ വാര്യർ, സി.കെ. സുരേഷ്, സുന്ദർ മേനോൻ, ടി.സി. സേതുമാധവൻ, അനൂപ് ശങ്കർ, ടി.എസ്. അനന്തരാമൻ, വി.പി. നന്ദകുമാർ, ടി.ആർ. വിജയകുമാർ, കെ.വി. സദാനന്ദൻ, ഡോ. ടി.കെ.വി. ജയരാഘവൻ, ഡോ. രാംദാസ് ചേലൂർ, ശശി അയ്യഞ്ചിറ, കിരൺ രാജ്, ഡോ. പി.കെ.ആർ. പിള്ള, തുടങ്ങിയവർ പങ്കെടുത്തു.