തൃശൂർ: സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ അഴിമതി നടന്നത് മോദിയുടെ ഭരണത്തിന് കീഴിലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റാഫേൽ ഇടപാടും ലക്ഷക്കണക്കിന് കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി ബി.ജെ.പിയുടെ സഹായത്തോടെ നാടുവിട്ട് മുങ്ങിയ കോടീശ്വരൻമാരും ഇതിന് ഉദാഹരണങ്ങളാണ്. ഇന്ത്യയിൽ മതേതര ഗവൺമെന്റ് നിലവിൽ വരേണ്ടത് രാജ്യത്തിന്റെ നിലനിൽപിന് അനിവാര്യമാണ്. രാജ്യത്തിന്റെ മതേതരത്വത്തെ നശിപ്പിച്ച 5 വർഷമാണ് കഴിഞ്ഞുപോയത്. ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ കാലയളവിൽ പാർലമെന്റ് സമ്മേളിച്ചത് മോദി ഭരണത്തിലാണ്. ഭരണഘടനാലംഘനം ഉൾപ്പെടെയുള്ള ജനാധിപത്യ ധ്വംസനമാണ് നടക്കുന്നതെന്നൂം യെച്ചൂരി പറഞ്ഞു.
തൃശൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ.വി ഹരിദാസ് അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി രാജാജി മാത്യു തോമസ്, മന്ത്രി വി എസ് സുനിൽകുമാർ, തൃശൂർ പാർലമെന്റ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി കെ.പി രാജേന്ദ്രൻ, പ്രസിഡന്റ് കെ.കെ ചന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ്, മേയർ അജിത വിജയൻ, എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ രാജൻ, ജനതാദൾ നേതാവ് പി.ടി അഷ്‌റഫ്, കോൺഗ്രസ് എസ് നേതാവ് സി.ആർ വത്സൻ, പോൾ എം ചാക്കോ, ഷൈജു ബഷീർ, എം കെ കണ്ണൻ, തങ്കപ്പൻ, കെ ബി സുമേഷ് എന്നിവർ പ്രസംഗിച്ചു. സീതാറാം യെച്ചൂരിയുടെ പ്രഭാഷണം ഇ രാജൻമാസ്റ്റർ പരിഭാഷ നടത്തി.