തൃശൂർ: തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ തൊണ്ടയിൽ ഉച്ചഭക്ഷണത്തിനിടെ മുള്ള് കുടുങ്ങിയെന്ന വാർത്ത തെറ്റെന്ന് സ്ഥിരീകരണം. സുരേഷ്‌ ഗോപിയുടെ സെക്രട്ടറിയുടെ തൊണ്ടയിലാണ് മീൻമുള്ള് കുടുങ്ങിയതെന്നും തുടർന്ന് അദ്ദേഹം ചികിത്സ തേടിയതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് തൃശൂരിലെ തീരദേശ മേഖലയിൽ പര്യടനം നടത്തുന്നതിനിടെ സുരേഷ് ഗോപിയുടെ തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയെന്നാണ് വാർത്ത പ്രചരിച്ചത്. ഇതോടെ സ്ഥാനാർത്ഥി പര്യടനം നിറുത്തിവച്ചുവെന്നും ചികിത്സ തേടിയെന്നും അഭ്യൂഹം പ്രചരിച്ചു. എന്നാൽ സുരേഷ് ഗോപിയുടെ സെക്രട്ടറിയുടെ തൊണ്ടയിലാണ് മീൻമുള്ള് കുടുങ്ങിയതെന്നും ആശുപത്രിയിലേക്ക് സുരേഷ് ഗോപിയും കൂടെ പോയെന്നുമാണ് സ്ഥിരീകരണം.

കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാനാർഥി പര്യടത്തിനിടെ മണ്ഡലത്തിലെ വീടുകളിൽ നിന്ന് അദ്ദേഹം ഭക്ഷണം കഴിച്ചുവെന്ന വാർത്ത ട്രോളുകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാർഥിയുടെ തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയെന്ന വാർത്ത പ്രചരിച്ചത്.