മാള: കുതിരപ്പുറത്തെ താരത്തെ കാണാൻ സിവിൽ സർവീസിലെ താര രാജാവ് കാളിന്ദിയിലെത്തി. കുതിരപ്പുറത്ത് സാഹസികമായി പറക്കുന്ന കൃഷ്ണയെ കാണാനും അഭിനന്ദിക്കാനുമായി എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് കുരുവിലശേരിയിലെ വീട്ടിലെത്തുകയായിരുന്നു.
ഋഷിരാജ് സിംഗിനെ കണ്ടപ്പോൾ തന്നെ കൃഷ്ണയും കുടുംബവും മാത്രമല്ല സുഹൃത്തുക്കളും നാട്ടുകാരും വരെ ഞെട്ടിത്തരിച്ചു. ഋഷിരാജ് സിംഗാണെങ്കിൽ വെറുതെ സന്ദർശിച്ച് അഭിനന്ദിച്ച് തിരിച്ചു പോവുകയായിരുന്നില്ല. എക്സൈസ് കമ്മീഷണർ രണ്ടര മണിക്കൂർ കാളിന്ദിയിൽ ചെലവഴിച്ചു. രാവിലെ 7.45 ഓടെ മാളയ്ക്കടുത്തുള്ള കുരുവിലശ്ശേരി ഗ്രാമത്തിലെ കാളിന്ദി മഠത്തിലെത്തിയ ഋഷിരാജ് സിംഗ് കൃഷ്ണയ്ക്കൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. കൃഷ്ണയെ വാദ്യോപകരണങ്ങളും കണക്കും പഠിപ്പിക്കുന്ന ഗുരുക്കന്മാരും മാള ഹോളി ഗ്രേസ് അക്കാഡമിയിലെ ചെയർമാൻ ജോസ് കണ്ണമ്പിള്ളിയും കാളിന്ദിയിൽ എത്തിയിരുന്നു. കൃഷ്ണയുടെ പാഠ്യ പാഠ്യേതര വിഷയങ്ങളിലെ മികവ് സംബന്ധിച്ചും അദ്ദേഹം തിരക്കി.
ഈ മാസം അവസാനം മുതൽ മൈസൂരിലെ ജോക്കി സെന്ററിൽ പരിശീലനത്തിനായി കൃഷ്ണയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇക്കാര്യം അറിഞ്ഞ ഉടനെ ഋഷിരാജ് സിംഗ് ബന്ധപ്പെട്ടവരുമായി ഫോണിൽ സംസാരിച്ച് കൃഷ്ണയ്ക്ക് അവിടെ താമസിക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തു. വർഷത്തിൽ അവധിക്കാലത്തെ രണ്ട് മാസം വീതം പരിശീലിച്ച് ഒരു വർഷം പൂർത്തിയാക്കണം. അതിനായുള്ള താമസ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
ഋഷിരാജ് സിംഗ് തിരിച്ചിറങ്ങിയപ്പോൾ കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം തേടിയ കൃഷ്ണ അദ്ദേഹത്തിന് ഉപഹാരം നൽകി. കൃഷ്ണയെ അനുമോദിക്കാൻ വിദ്യാലയത്തിൽ ഒരു ചടങ്ങ് സംഘടിപ്പിക്കണമെന്നും ആ ചടങ്ങിൽ താൻ പങ്കെടുക്കുമെന്നും ഹോളി ഗ്രെയ്‌സ് അക്കാഡമി ചെയർമാൻ ജോസ് കണ്ണമ്പിള്ളിയോട് അദ്ദേഹം പറഞ്ഞു. കാളിന്ദി മഠത്തിലെത്തിയ ഋഷിരാജ് സിംഗ് കൃഷ്ണയുടെ അച്ഛൻ ശേഖരിച്ച പുരാവസ്തുക്കളും കണ്ടു. കുതിരയുടെ പുറത്ത് കയറിയ കൃഷ്ണയ്ക്കൊപ്പം നിന്ന് ചിത്രമെടുക്കാനും അദ്ദേഹം ഏറെനേരം ചെലവഴിച്ചു. ഇതിനിടയിൽ ഋഷിരാജ് സിംഗ് തന്റെ വാഹനത്തിൽ നിന്ന് കാമറ കൊണ്ടുവന്ന് ചിത്രമെടുപ്പിച്ചു. ഋഷിരാജ് സിംഗ് രാവിലെ നേരത്തെ എത്തുമെന്ന് അറിഞ്ഞപ്പോൾ കൃഷ്ണയുടെ അമ്മ ഇന്ദു പ്രഭാത ഭക്ഷണം തയ്യാറാക്കിയിരുന്നു. മാളയിൽ വരുമ്പോൾ ഇനിയും കൃഷ്ണയുടെ വീട്ടിലെത്താമെന്ന് അറിയിച്ചാണ് ഇഷ്ടതാരം യാത്ര തിരിച്ചത്.
....................
കൃഷ്ണ മാതൃക
സാഹസിക കാര്യങ്ങളിൽ പുരുഷന്മാരും സ്ത്രീകളും എന്ന വ്യത്യാസമില്ലെന്നും എല്ലാം വെല്ലുവിളിയായി ഏറ്റെടുക്കുന്ന കൃഷ്ണ മാതൃകയാണെന്നും ഋഷിരാജ് സിംഗ് കേരള കൗമുദിയോട് പറഞ്ഞു. മകളുടെ ഇഷ്ടം അനുസരിച്ച് അവളെ വിശ്വാസത്തിലെടുത്ത മാതാപിതാക്കളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.