തൃശൂർ: പെസഹ വ്യാഴാചരണത്തോട് അനുബന്ധിച്ച് ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയും ആരാധനയും നടന്നു. തൃശൂർ ലൂർദ്ദ് കത്തീഡ്രലിൽ നടന്ന പെസഹാ തിരുകർമ്മങ്ങൾക്ക് അതിരൂപതാ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിലും, വ്യാകുലമാത ബസിലിക്കയിൽ നടന്ന തിരുകർമ്മങ്ങൾക്ക് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും, ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടന്ന തിരുകർമ്മങ്ങൾക്ക് മാർ പോളികണ്ണൂക്കാടനും മുഖ്യകാർമ്മികത്വം വഹിച്ചു.

തൃശൂർ മാർത്തമറിയം വലിയപള്ളിയിൽ ഉച്ചയ്ക്ക് ശേഷം നടന്ന തിരുകർമ്മങ്ങൾക്ക് മാർ അപ്രേം മെത്രാപ്പൊലിത്തയും, കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ നടക്കുന്ന തിരുകർമ്മങ്ങൾക്ക് ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരിയും, മണ്ണുത്തി ഗദ്ശീമോൻ അരമനയിൽ നടന്ന കാൽകഴുകൽ ശുശൂഷയ്ക്ക് യൂഹനോൻ മാർ മിലിത്തിയോസും മുഖ്യകാർമ്മികത്വം വഹിച്ചു. ഇന്ന് ക്രിസ്തുവിന്റെ പീഢാനുഭവങ്ങളും കുരിശുമരണവും അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികൾ ദുഃഖ വെള്ളി ആചരിക്കും. ദേവാലയങ്ങളിൽ ദുഃഖവെള്ളിയോടനുബന്ധിച്ച് പീഢാനുഭവ തിരുകർമ്മങ്ങളും നഗരി കാണിക്കൽ ചടങ്ങുകളും ഒരുക്കിയിട്ടുണ്ട്...